കോട്ടയം: വിവിധ വിഷങ്ങളിൽ കേരളവും തമിഴ്‌നാടും പരസ്പരം കൈത്താങ്ങാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ളത് സഹകരണാത്മക ഫെഡറലിസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈക്കത്ത് തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം വാക്കുകളിൽ ഒതുങ്ങുന്നതല്ല, പ്രവൃത്തിയിൽ വെളിവാകുന്നതാണ്. സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ, നിരന്തര കൈകടത്തലുകൾ ഉണ്ടാവുന്ന ഈ ഘട്ടത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ട്. അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ നമ്മൾ കണ്ടത്. അത് തുടർന്നുകൊണ്ടുപോവുകയാണ് കേരളവും തമിഴ്നാടും. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കിൽ സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണമെന്നാണ് കാലം ആവശ്യപ്പെടുന്നത്. പെരിയാർ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവമാണ് പ്രകടമാകുന്നത്.

ഇന്ത്യയിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ മുൻനിരയിലാണ് പെരിയാറെന്ന ഇ.വി. രാമസ്വാമിനായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ ഇ.വി.ആറിനെ തമിഴരാകെ ആദരവോടെ പെരിയാറെന്നു വിളിക്കുന്നു. വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു പെരിയാർ. നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് മലയാളികളുടെ മാത്രം പ്രശ്നമാക്കാതെ രാജ്യത്തെ ജനങ്ങളുടെയാകെ പ്രശ്നമായാണ് പെരിയാറും മറ്റും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.