r

വൈക്കം: പരസ്‌പര സഹവർത്തിത്വത്തിന്റെ ഈടുറ്റ മണ്ണാണ് വൈക്കമെന്ന് വീണ്ടും തെളിയിച്ചു. തന്തൈ പെരിയാർ സ്‌മാരക സമർപ്പണത്തിനെത്തിയ തമിഴ് ജനതയെ വൈക്കം ഹൃദയത്തോട് ചേർത്തുപിടിച്ചു. കേരളവും തമിഴ്നാടും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ നേർക്കാഴ്ചയായിരുന്നു മുഖ്യമന്ത്രിമാരായ പിണറായി വിജയന്റേയും എം.കെ. സ്റ്റാലിന്റേയും സൗഹൃദം പങ്കിടൽ.

പാട്ടും കൊട്ടും മേളവുമൊക്കെയായി ആഘോഷമായാണ് തന്തൈ പെരിയാറിന്റെ പേരിൽ നവീകരിച്ച സ്മാരകവും ഗ്രന്ഥാലയവും നാടിനു സമർപ്പിച്ചത്. വൈക്കം സത്യാഗ്രഹ സമര നായകരിലൊരാളായിരുന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ എന്ന പെരിയാറുടെ പേരിൽ വൈക്കം വലിയ കവലയിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ച സ്മാരകത്തിന്റെ നവീകരണം പൂർത്തിയാക്കിയതിന്റെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചത്.

രാവിലെ കുമരകത്ത് നിന്ന് ഒരുമിച്ച് വൈക്കത്ത് എത്തിയ ഇരുവരേയും പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. മലയാളത്തിലും തമിഴിലും ഇരുനേതാക്കൾക്കും മുദ്രാവാക്യങ്ങൾ മുഴങ്ങി. തുടർന്ന് ഇ. വി. രാമസാമി നായ്ക്കരുടെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് മ്യൂസിയവും ഗ്രന്ഥാലയവും തുറന്നു കൊടുത്തത്. ഇവചുറ്റിക്കണ്ട് തങ്ങളുടെ അഭിപ്രായവും സന്ദർശക ഡയറിയിൽ രേഖപ്പെടുത്തി.
മുഖ്യ കവാടത്തിൽ മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ , തമിഴ്നാട് മന്ത്രിമാരായ ഇ.വി. വേലു, എം.പി. സ്വാമിനാഥൻ, ദ്രാവിഡ കഴകം നേതാവ് കെ.വീരമണി, ഡി. സി. കെ. നേതാവ് തിരുമാ വളവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിമാരെ സ്വീകരിച്ചു. എ.എസ്. പനീർ ശെൽവം എഴുതിയ 'കരുണാനിധി എ ലൈഫ്' അടക്കമുള്ള പുസ്തകങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
മന്ദിര ഉദ്ഘാടനശേഷം കുറേ ദൂരം നടന്ന എം.കെ. സ്റ്റാലിൻ വഴിയോരത്ത് തടിച്ചു കൂടിയ നാട്ടുകാരെ അഭിവാദ്യം ചെയ്തു. തുടർന്ന് വാഹനത്തിൽ വൈക്കം ബീച്ചിലെ ഉദ്ഘാടന വേദിയിലേക്കെത്തിയ ഇരു മുഖ്യമന്ത്രിമാരെയും വൻ കരഘോഷത്തോടെയാണ് വരവേറ്റത്. ഉദ്ഘാടനച്ചടങ്ങിൽ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത ഉപഹാരം സ്റ്റാലിൻ പിണറായി വിജയനും ചുണ്ടൻ വള്ളത്തിന്റെ മാതൃക പിണറായി സ്റ്റാലിനും സമ്മാനിച്ചു.