sta

കോട്ടയം : ചെറിയ തുകയുടെ മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ ഇടപാടുകൾ നടത്താനാകാതെ സാധാരണക്കാർ നെട്ടോട്ടത്തിൽ. കൂടുതൽ ആവശ്യമുള്ള 10,20 , 50, 100 രൂപയുടെ മുദ്രപത്രങ്ങളാണ് കിട്ടാക്കനി. സർക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ, സർട്ടിഫിക്കറ്റുകൾ, വാടകക്കരാർ, വിദ്യാഭ്യാസ ആവശ്യങ്ങൾ, വിവിധ നിർമ്മാണ കരാറുകൾ എന്നിവയ്ക്കായാണ് മുദ്രപത്രം വാങ്ങാൻ ആളുകൾ എത്തുന്നത്. എന്നാൽ തീർന്നുപോയെന്ന മറുപടിയാണ് ലഭിക്കുന്നത്. 500 രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങളാണ് കിട്ടാനുള്ളത്. നിലവിൽ 100 രൂപയുടെ ആവശ്യമുള്ളവർക്ക് വെണ്ടർമാർ 10 രൂപ പത്രത്തിൽ 100 രൂപ സ്റ്റാമ്പ് സീൽ ചെയ്ത് റീവാല്യുവേറ്റ് ചെയ്താണ് നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന പത്രത്തിൽ വിദേശരാജ്യങ്ങളിലേയ്ക്കുള്ള അഫിഡഫിറ്റുകളും കോൺസുലേറ്റുമായ ബന്ധപ്പെട്ട കരാറുകൾക്കും സ്വീകരിക്കുന്നില്ല. ഇത് വിദേശത്തെയ്ക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നു.

ഇരട്ടിച്ചെലവ്, കീശകീറും

ചെറിയ ആവശ്യം നടത്താൻ പോലും മൂല്യം കൂടിയ മുദ്രപത്രം വാങ്ങേണ്ട ഗതികേടിലാണ് ജനം. 50, 100 രൂപ മൂല്യമുള്ള മുദ്ര പേപ്പറുകൾക്ക് ക്ഷാമം ഉള്ളതിനാൽ ഇവയ്ക്ക് പകരം 500 രൂപ മൂല്യമുള്ള മുദ്രപത്രമാണ് മേടിക്കുന്നത്. 10 രൂപ പത്രത്തെ റീവാല്യുവേറ്റ് ചെയ്യ്ത് 100 രൂപ ആക്കുമ്പോൾ കിട്ടുന്ന 90 രൂപ സർക്കാരിലേയ്ക്കാണ് പോകുന്നത്. സാധാരണക്കാരന് വാടകച്ചീട്ട് തയ്യാറാക്കുന്നതിന് 100 രൂപ പത്രം മതി. ഇപ്പോൾ നെൽ കർഷകർ, കർഷക സമിതികൾ എന്നിവർ സർക്കാരുമായി ഉടമ്പടി വയ്ക്കുന്ന സമയമാണ്. 500 രൂപ പത്രത്തിലാണ് എഗ്രിമെന്റ് ചെയ്യുന്നത്.

കോടതി പരിസരത്ത് സ്റ്റാമ്പ് കിട്ടാനില്ല
ജില്ലയിൽ കോടതിയുടെ പരിസരത്ത് കേസിനാവശ്യമായ കോർട്ട് ഫീ സ്റ്റാമ്പുകളും ലീഗൽ ബെനഫിറ്റ് സ്റ്റാമ്പുകളും ലഭിക്കുന്നില്ല. 5 രൂപയ്ക്ക താഴെയുള്ള സ്റ്റാമ്പ് കടകളിൽ പോയി വാങ്ങേണ്ട സ്ഥിതിയാണെന്ന് അഭിഭാഷകരും, അഭിഭാഷക ക്ലർക്കുമാരും പറയുന്നു. കോടതി പരിസരത്ത് കൂടുതൽ വെണ്ടർമാരെ നിയോഗിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യം.

''ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കണം. പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണം.

രാമൻകുട്ടി, നാട്ടകം