
കോട്ടയം : ഇനി ഞങ്ങളെന്ത് ചെയ്യും. നെല്ലിന്റെ പണം ഇനിയും വൈകിയാൽ കിടപ്പാടം നഷ്ടപ്പെടും!. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽകർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സംഭരിച്ചതിന്റെ തുക സർക്കാർ നൽകാത്തത് കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. 10 മാസത്തെ കുടിശികയാണുള്ളത്. രണ്ടാംകൃഷിയുടെ നെല്ല് സംഭരണം പൂർത്തിയാകാറായിട്ടും ഒന്നാം കൃഷിയുടെ പണത്തിനായി ബാങ്കുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് കർഷകർ. കുട്ടനാട്ടിലും, അപ്പർകുട്ടനാട്ടിലുമുള്ള പാടശേഖരങ്ങളിൽ നെൽ കൃഷി ചെയ്യുന്ന ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി കൂടിയായ മദൻലാലിന് ഒന്നാം കൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ 16 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. വൈകുന്നത് സാങ്കേതിക പ്രശ്നം കാരണമാണെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടിയെന്ന് ഇദ്ദേഹം പറഞ്ഞു. രണ്ടാം കൃഷിയുടെ സംഭരണം ആരംഭിച്ചിട്ട് മൂന്നു മാസമായി.കൊയ്ത്ത് ഇനിയും പൂർത്തിയായിട്ടില്ല. പണം അനുവദിച്ചെന്ന വാർത്ത കണ്ട് ബാങ്കിലെത്തിയവർ നിരാശരായി മടങ്ങുകയാണ്. എസ്.ബി.ഐ, കാനറ ബാങ്ക് കൺസോർഷ്യവുമായാണ് സർക്കാർ കരാർ.
നീളുന്ന പ്രതിസന്ധി
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1.98 ലക്ഷം കർഷകരിൽ നിന്നായി 5.59 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 1584.11കോടിയാണ് വിതരണം ചെയ്തത്. പി.ആർ.എസ് (പാഡി രസീത് സ്ലിപ്പ്) ലഭിച്ച് പത്ത് ദിവസത്തിനകം വില ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. മന്ത്രിയുടെ പ്രഖ്യാപനവും ബാങ്ക് വിശദീകരണവും കർഷകരിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും ആക്ഷേപമുണ്ട്.
കിട്ടാനുള്ളത് : 10 മാസത്തെ കുടിശിക
''
നെല്ല് സംഭരിച്ച വകയിൽ കേന്ദ്രസർക്കാരിൽ നിന്ന് 1411.22 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചാൽ കുടിശിക തീർക്കാനാവും.
-ജി. ആർ. അനിൽ (ഭക്ഷ്യവകുപ്പുമന്ത്രി )