
കോട്ടയം: അപകടം ജീവിത്തെ ഇരുട്ടിലാക്കിയിട്ടും ഉൾക്കാഴ്‌ചയാണ് പള്ളിക്കത്തോട് അരുവിക്കുഴി കുറകുന്നേൽ സാബു ജോസഫിന്റെ വിജയഗാഥ. അതിലൂടെ കെട്ടിട നിർമ്മാണരംഗത്ത് സംരംഭകനായി. തകിട് ഷീറ്റ് വൃത്തിയാക്കലും, കരി ഓയിൽ പെയിന്റിംഗും, ലോറിയിലെ ലോഡിംഗുമൊക്കെ ഈ 58 കാരന് സിമ്പിളാണ്.
അയൽവാസിയുടെ കിണറിന്റെ ജോലികൾക്കായി സ്ഥാപിച്ച തോട്ട പൊട്ടിയാണ് 23-ാം വയസിൽ ജീവിതം ഇരുൾവീഴുത്തിയത്. കണ്ണിന്റെ ഞരമ്പുകൾ ചുരുങ്ങി. കാഴ്‌ച സാദ്ധ്യമല്ലെന്ന് ഡോക്ടമാർ വിധിയെഴുതി. എന്നാൽ മനസാന്നിദ്ധ്യം കരുത്തായി. സ്റ്റിക്കിന്റെ സഹായത്തോടെ നടന്നുതുടങ്ങി.
2005ൽ രാജകുമാരി സ്വദേശിനി വത്സയെ ജീവിതസഖിയാക്കി. കോട്ടയത്ത് നിന്ന് ബസിൽ രാജാക്കാടെത്തിയാണ് വത്സയെ പരിചയപ്പെട്ടത്. പ്ലസ് വൺ വിദ്യാർത്ഥി നോഹ, അഞ്ചാംക്ലാസ് വിദ്യാർത്ഥിനി റബേക്ക എന്നിവാരണ് മക്കൾ.
എല്ലാം തിരികെ പിടിച്ചു
എട്ടാം ക്ലാസിൽ പഠനംനിറുത്തി. ആദ്യം കൂലിപ്പണിയായിരുന്നു ജീവിതമാർഗം. 2008ൽ വാർക്കത്തകിട് വാടകയ്ക്ക് നൽകുന്ന സംരംഭം തുടങ്ങി. വ്യവസായ വകുപ്പിൽ വായ്‌പയ്ക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. വത്സ ഒപ്പം നിന്നു. സ്വർണം പണയംവച്ചും വിറ്റും പണം കണ്ടെത്തി. പിന്നീട് സ്‌പാൻ, ജാക്കി എന്നിവയും വാടകയ്‌ക്ക് നൽകിത്തുടങ്ങി. വ്യവസായ വകുപ്പും ഒന്നരലക്ഷം അനുവദിച്ചു. 2000 ഷീറ്റ്, 600 സ്‌പാൻ, 1000 ജാക്കി എന്നിങ്ങനെ നാല് ജില്ലയിലേക്ക് ബിസിനസ് വളർന്നു. സന്തോഷ്, രതീഷ് എന്നിവർ സഹായികളാണ്. അമിഗോ എന്ന പേരിൽ ഹോംകെയർ ഉത്പന്നങ്ങളുടെ സംരംഭവുമുണ്ട്.
'വൈകല്യം ജീവിതത്തിൽ മുന്നോട്ടുപോകാൻ തടസമല്ല. മനസുവച്ചാൽ ഏത് ബിസിനസും ചെയ്യാം".
- സാബു ജോസഫ്