zeebraa

മുണ്ടക്കയം : തിരക്കേറിയ ഈ ടൗണിൽ യാത്രക്കാർ എങ്ങനെ റോഡ് മുറിച്ചുകടക്കും? ശരിക്കും പെട്ടുപോകും എന്നതാണ് അവസ്ഥ. കുട്ടികളുടെ കാര്യമാണ് കൂടുതൽ കഷ്ടം. മുണ്ടക്കയം - എരുമേലി സംസ്ഥാനപാതയിൽ പുത്തൻചന്തയിലെ സീബ്രാ ലൈനുകൾ മാഞ്ഞതാണ് അപകടഭീഷണി ഉയർത്തുന്നത്. ശബരിമല സീസൺ ആയതിനാൽ തീർത്ഥാടക വാഹനങ്ങളുടെ തിരക്കുമുണ്ട്. കഴിഞ്ഞദിവസം അമിത വേഗതയിൽ എത്തിയ ഓട്ടോറിക്ഷയിടിച്ച് യുവതിയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സ്കൂൾ സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെ സേവനവുമില്ല. കുട്ടികൾ ഓടിയാണ് റോഡ് കുറുകെ കടക്കുന്നത്. ഭീതിയോടെയാണ് ഇത് കണ്ടുനിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മതിയായ സുരക്ഷാ ക്രമീകരണം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.