valav

കോട്ടയം : അമിതവേഗം ഹരമാക്കുന്നവർ ജാഗ്രതൈ... ഒരുനിമിഷത്തെ അശ്രദ്ധമതി ഈ വളവുകൾ നിങ്ങൾക്ക് മരണക്കെണിയൊരുക്കും. പാലക്കാട് പനയമ്പാടത്തെ അപകടം അധികൃതർക്കുള്ള ഒരു മുന്നറിയിപ്പാണ്. പ്രഖ്യാപനങ്ങൾക്കപ്പുറം വളവുകൾ നിവർത്താൻ ഇനിയും തയ്യാറായില്ലെങ്കിൽ ജില്ലയിലും വൻഅപകടങ്ങൾക്കാകും വഴിമരുന്നിടുക. ഗ്രാമീണപാതകളിൽ മാത്രമല്ല എം.സി റോഡിലും, ദേശീയപാതയിലും വരെ കൊടുംവളവുകൾ നിരവധിയാണ്. നൂറിന് മേൽ അപകടങ്ങൾ നടന്ന കോട്ടയം -എറണാകുളം റൂട്ടിലെ കുറുപ്പന്തറ പുളിന്തറവളവാണ് ഏറ്റവും ഭീഷണി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പതിനഞ്ചിലധികം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. പരിക്കേറ്റവർ നൂറിലധികവും. കഴിഞ്ഞ വർഷം 60 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ് നടന്നത്. ഇരുദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് പരസ്പരം കാണുന്നത്. ഒറ്റനോട്ടത്തിൽ അപകട മേഖലയല്ലെന്ന് തോന്നും. കനത്ത മഴയിൽ റോഡ് തെന്നിക്കിടക്കുന്നതാണ് കൂടുതൽ വെല്ലുവിളി. നിരവധിത്തവണ നാട്ടുകാർ നിവേദനം നൽകിയെങ്കിലും പരിഹാരം അകലെയാണ്. നവീകരണം പൂർത്തിയായതിന് പിന്നാലെ തിരക്കേറിയ പുനലൂർ മൂവാറ്റുപുഴ റോഡിൽ പൊൻകുന്നം മുതൽ പൊന്തൻപുഴ വരെ ഭീതിയോടെയാണ് വാഹനയാത്ര. കാഞ്ഞിരപള്ളി, ഈരാറ്റുപേട്ട, വാഗമൺ, ശബരിമലപാതയിലെ കണിമലയും കണ്ണിമലയും സ്ഥിരം അപകടമേഖലയാണ്.

കോട്ടയം - എറണാകുളം റൂട്ടിൽ 10 വളവുകൾ

നമ്പ്യാകുളം പനാമകവല

കോതനല്ലൂർ കളത്തൂർ കവല

 കുറുപ്പന്തറ ആറാംമൈൽ

പട്ടാളമുക്ക്, മുട്ടുചിറ

ആപ്പാഞ്ചിറ പെട്രോൾ പമ്പ് വളവ്
കാണക്കാരി പള്ളി വളവ്
മാഞ്ഞൂർ സ്‌കൂൾ വളവ്
സിലോൺ കവല വളവ്
മുട്ടുചിറ ഇടുക്കമറ്റം വളവ്
വരിക്കാംകുന്ന് വളവ്‌

എം.സി റോഡിൽ
കുറിച്ചി, പുതുവേലി, ചെമ്പരത്തിമൂട്, ഏറ്റുമാനൂർ വിമല വളവ്, പട്ടിത്താനം, കൊള്ളിവളവ്.

കെ.കെ റോഡിൽ
എരുമപ്പെട്ടി, പുളിക്കൽകവലയിലെ ട്രിപ്പിൾ വളവ്, പതിനേഴാംമൈൽ, പാറത്തോട്, പൈങ്ങണ.

ഗ്രാമീണ റോഡുകൾ
ചങ്ങനാശേരി വാഴൂർ റോഡിൽ മാമ്മൂട്, കറുകച്ചാൽ പഞ്ചായത്തിന് ഓഫീസിന് സമീപം, കൂത്രപ്പള്ളി, കാഞ്ഞിരപ്പാറ.

''രാത്രിയിലും പുലർച്ചെയുമാണ് പുളിന്തറവളവിൽ അപകടങ്ങൾ ഭൂരിഭാഗവും നടക്കുന്നത്. ആവശ്യത്തിന് വെളിച്ചവും ഇവിടെയില്ല. മഴയാണെങ്കിൽ വാഹനം നിയന്ത്രണം വിടാൻ സാദ്ധ്യതയേറെയാണ്. എത്രയും പെട്ടെന്ന് അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

രമേഷ്, ഓട്ടോ ഡ്രൈവർ കുറുപ്പന്തറ