
കോട്ടയം : റീൽസ് ചിത്രീകരണത്തിനായി പൊതുനിരത്തുകളിൽ യുവാക്കൾ നടത്തുന്ന വാഹന അഭ്യാസ പ്രകടനം അതിര് കടക്കുന്നത് അപകടം വിളിച്ചോതുന്നു. നിരപരാധികളായ യാത്രക്കാരാണ് പലപ്പോഴും ഇതിന് ഇരയാകുന്നത്. ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ട് യുവാവ് മരിച്ചത് ഒടുവിലത്തെ സംഭവം. മത്സര ഓട്ടവും, സ്റ്റണ്ടിംഗും നടത്തി മൊബൈലിൽ ചിത്രീകരിച്ച ശേഷം നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒരുകൂട്ടർക്ക് ലഹരിയാണ്. ഇതിനായി പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. പലപ്പോഴും വേഗം നൂറ് കിലോമീറ്ററിനു മുകളിലാണ്. ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തിയ നിരത്തുകളാണ് ഇതിനായി ഇവർ തിരഞ്ഞെടുക്കുന്നത്. ചങ്ങനാശേരി പാലാത്ര ബൈപ്പാസ്, കോടിമത ബൈപ്പാസ്, ഏറ്റുമാനൂർ - പട്ടിത്താനം ബൈപ്പാസ്, മണർകാട് ബൈപ്പാസ്, നാലുമണിക്കാറ്റ് റോഡ്, വാഗമൺ റോഡ്, കുമരകം, ചുങ്കം മെഡിക്കൽ കോളേജ്, വൈക്കം, മലയോരമേഖലയിലെ റോഡുകൾ എന്നിവയാണ് ഇവരുടെ ഇഷ്ടലൊക്കേഷൻ. ജി.പി.എസ് , ബ്ലൂ ടൂത്ത്, ക്യാമറ തുടങ്ങിയവയും ഒപ്പമുണ്ടാകും.
അഭ്യാസങ്ങൾ ഫോളോവേഴ്സിനെ കൂട്ടുന്നു
ഫോളോവേഴ്‌സിനെ കൂട്ടാനായാണ് ഈ മരണപ്പാച്ചിലും, തോന്ന്യാസങ്ങളും കാട്ടിക്കൂട്ടുന്നത്. ബി.ജി.എം അകമ്പടിയോടെ റേസിംഗ്, ഡ്രിഫ്റ്റിംഗ് വീഡിയോകൾ സോഷ്യൽമീഡിയകളിൽ വ്യാപകമാണ്. കാർ ഡ്രിഫ്റ്റിംഗിനോട് ആരാധനയേറിയവരുമുണ്ട്. പഴയ മോഡൽ കാർ, ബൈക്ക് എന്നിവ മോഡിഫൈ ചെയ്തും, കളർ മാറ്റിയും, സൈലൻസർ മാറ്റിയുമാണ് ചത്രീകരണം. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിപ്പോകുകയും ഭീതിപ്പെടുത്തും വിധം സൈലൻസറിലൂടെ ശബ്ദമുണ്ടാക്കുകയും വലിയ ഹോൺ മുഴക്കുകയും ചെയ്യുന്നത് ഇവരുടെ വിനോദമാണ്.
പരിശോധന അയഞ്ഞു
ചങ്ങനാശേരിയിൽ രണ്ട് വർഷം മുൻപുണ്ടായ അപകടത്തിന് പിന്നാലെ മോട്ടോർവാഹനവകുപ്പും പൊലീസും പരിശോധന കർശനമാക്കിയതോടെ ബൈക്ക് സ്റ്റണ്ടിംഗ് ഇടയ്ക്ക് കുറഞ്ഞെങ്കിലും വീണ്ടും സജീവമായി. സി.സി.ടി.വി ക്യാമറ, പൊലീസ് പരിശോധന തുടങ്ങിയവയിൽ നിന്നെല്ലാം രക്ഷ നേടാനാണ് ചെറു വഴികൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്.
മുൻപുണ്ടായ അപകടങ്ങൾ
രണ്ടുവർഷം മുമ്പ് ചങ്ങനാശേരിയിൽ റേസിംഗിനിടെ ബൈക്കുകൾ ഇടിച്ച് മൂന്നുപേർ മരിച്ചു
ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിൽ വിവിധ അപകടങ്ങളിൽ പൊലിഞ്ഞത് 4 യുവാക്കൾ
വൈക്കം ടൗണിൽ ന്യൂജെൻ ബൈക്കുകളിൽ യുവാക്കൾ അഭ്യാസ പ്രകടനം നടത്തി
''പൊലീസോ, ഗതാഗതവകുപ്പോ പിഴ ഈടാക്കുകയോ പിടിയ്ക്കുകയോ ചെയ്താൽ അംഗീകാരമായി കണ്ട് സ്റ്റാറ്റസും പോസ്റ്റും ഇടുന്നതാണ് യുവതലമുറയുടെ രീതി.
(മോട്ടോർ വാഹനവകുപ്പ് അധികൃതർ)