കുമരകം : ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്തെ അനധികൃത ബോർഡുകളും, കൊടിമരങ്ങളും മറ്റ് അലങ്കാരങ്ങളും നീക്കം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു നടപടികൾ. ഇരുമ്പ് പൈപ്പിൽ ഉറപ്പിച്ച പല ബോർഡുകളും കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും കൊടി തോരണങ്ങളും സ്വമേധയാ നീക്കം ചെയ്യാൻ ഒരു മാസം മുമ്പ് രാഷ്ട്രീയ പാർട്ടികൾക്കും മറ്റും കത്ത് നൽകിയിരുന്നു. ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന രീതിയിൽ പോലും പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിരുന്നു. നീക്കം ചെയ്ത ബോർഡുകൾ വാഹനങ്ങളിൽ കയറ്റി പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു. 18 ന് മുമ്പായി എല്ലാ അനധികൃത ബോർഡുകളും നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി ജയന്തി വേണുഗോപാൽ അറിയിച്ചു.