ഇളങ്ങുളം: കൂരാലി പള്ളിക്കത്തോട് റോഡിലൂടെ പാഞ്ഞെത്തുന്ന ഇരുചക്രവാഹനങ്ങൾ കണ്ട് കാഴ്ചക്കാർ തലയിൽ കൈവെച്ചുപോയി. ഈ പോക്ക് പന്തിയല്ലെന്ന് ഇളങ്ങുളം ഒട്ടയ്ക്കൽ ജംഗ്ഷനെത്തുമ്പോൾ വ്യക്തമാകും. റോഡിലെ വെള്ളക്കെട്ടിൽ അടിതെറ്റിവീഴുന്ന ബൈക്ക് യാത്രികരെയും മറ്റും നാട്ടുകാർ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. കൂരാലി പള്ളിക്കത്തോട് റോഡിൽ നിന്നും ചെങ്ങളം ഭാഗത്തേയ്ക്ക് തിരിയുന്ന ഇളങ്ങുളം ഒട്ടയ്ക്കൽ ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് പലവട്ടം വള്ളിക്കെട്ടായി മാറി. നടുതല്ലി വീണവർ ഒരുപാടുണ്ട്. വെള്ളക്കെട്ടിലെ ചെളിയിൽ കുളിച്ചവർ അതിലേറെപ്പേരുണ്ട്. മഴയെങ്കിൽ ജംഗ്ഷനിൽ വെള്ളക്കെട്ട് ഉറപ്പാണ്. അത് കെണിയെന്ന കാര്യം യാത്രക്കാർ മറക്കരുത്.

പുതുക്കിപ്പണിതു, അത് പണിയായി

ഒരു വർഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് റോഡ് പുതുക്കിപ്പണിതത്. ഇതിന് ശേഷമാണ് റോഡിൽ വെള്ളക്കെട്ട് പതിവായതെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണം. ജംഗ്ഷനിൽ വെള്ളം ഒഴികിപ്പോകാൻ കലുങ്ക് ഉണ്ടെങ്കിലും റോഡിന്റെ ഇരുവശവും ഓടയില്ല. ഇതാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കാനും റോഡിലൂടെ പരന്ന് ഒഴുകാനും കാരണം.

കാൽനടക്കാർക്കും ദുരിതം

1മഴ കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് വഴി നടപ്പുകാർക്കും ദുരിതം.

2വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം വഴിയാത്രക്കാരുടെ മേൽ പതിക്കും

3ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നവർക്കും പരാതി.

4വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി രംഗത്ത്.