പാലാ : മീനച്ചിൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഗ്രാമസഹായി സ്വയം സഹായസംഘത്തിനോട് പഞ്ചായത്ത് അധികൃതർ കടുത്ത അവഗണന കാണിക്കുന്നതായി ആരോപണം. ഭിന്നശേഷിക്കാരുടെ അവകാശ നീതി നിഷേധത്തിനെതിരെ നാളെ മുതൽ പഞ്ചായത്ത് പടിക്കൽ എഫ്ഡിഎ യും ഗ്രാമസഹായി സ്വയം സഹായം സംഘത്തിന്റെയും നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികളായ കെ.പി. ഭവാനി, സെക്രട്ടറി പി.സി. രാജു, കൺവീനർ ദീപക് മാത്യു, പി.റ്റി. കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു.

വിവിധ വാർഡുകളിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരുടെ സംഘടന 10 മാസം മുമ്പാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.

സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്വയം തൊഴിൽ മേഖല ത്വരിതപ്പെടുത്തുന്നതിനായും പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തിലെ ഒരു മുറി അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് ഫെഡറേഷൻ ഓഫ് ഡിഫറന്റലി ഏബിൾഡ് (എഫ് ഡി എ) മീനച്ചിൽ പഞ്ചായത്ത് യൂണിറ്റ് കുറ്റപ്പെടുത്തി. പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെതിരെ നേരത്തെ സൂചനാ സമരം നടത്തിയിരുന്നു.