
വൈക്കം : ആവശ്യത്തിന് സ്ഥലമുണ്ട്, രോഗികളുമുണ്ട്. പക്ഷേ, പരാധീനതകൾക്ക് നടുവിലാണ് വൈക്കം താലൂക്ക് ആയുർവേദ ആശുപത്രി. നിലവിൽ 20 ബെഡ്ഡുകൾ മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇത് 30 ആയി ഉയർത്തണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള നഴ്സുമാരും ക്ലർക്കുമാരും ഇവിടെയില്ല. ഡോക്ടർമാരുടെ കുറവും, രോഗികളുടെ എണ്ണത്തിനനുസരിച്ച് തെറാപ്പിസ്റ്റുകൾ ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വൈക്കം നഗരസഭ പരിധിയിൽ നിന്നും സമീപ പഞ്ചായത്തുകളിൽനിന്നുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. മണിക്കൂറുകൾ കാത്തുനിന്നാണ് പലരും ഡോക്ടറെ കണ്ട് മടങ്ങുന്നത്.
വേണ്ടത്
4 തെറാപ്പിസ്റ്റുകൾ
2 ഫാർമസിസ്റ്റുകൾ
4 നഴ്സുമാർ
2 അറ്റൻഡർമാർ
ഫണ്ട് അനുവദിച്ചിട്ടും നഗരസഭയുടെ നിസംഗത
പുതിയ കെട്ടിടം പണിയുന്നതിന് സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ പഴയ കെട്ടിടം പൊളിച്ചുനീക്കേണ്ട ഉത്തരവാദിത്തമുള്ള നഗരസഭ തുടരുന്ന നിസംഗത ആശുപത്രി വികസനത്തിന് തടസം സൃഷ്ടിക്കുകയാണ്. അലംഭാവം വെടിഞ്ഞ് ഇക്കാര്യത്തിൽ അനുകൂല സമീപനം നഗരസഭ സ്വീകരിക്കണമെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടൻ, അശോകൻ വെള്ളവേലി, കെ.ഇ മണിയൻ, ടി.എസ് സുരേഷ് ബാബു, എൻ മോഹനൻ എന്നിവർ പ്രസംഗിച്ചു.
''താലൂക്ക് ആയുർവേദ ആശുപത്രി 30 ബെഡ്ഡുള്ള ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും ഭരണകക്ഷിയായ കോൺഗ്രസ് കൗൺസിലർമാരും, ബി.ജെ.പി അംഗങ്ങളും ചേർന്ന് പ്രമേയത്തെ എതിർത്ത് പരാജയപ്പെടുത്തി. ഇത് വികസന വിരുദ്ധ നിലപാടാണ്.
അശോകൻ വെള്ളവേലി,നഗരസഭ കൗൺസിലർ