
കോട്ടയം : അലങ്കാര നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടുകളും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളുമൊക്കെയായി ക്രിസ്മസ് വിപണി തിളങ്ങുകയാണ്. നക്ഷത്രങ്ങൾക്കും കേക്കുകൾക്കും ആവശ്യക്കാരേറെ. പുൽക്കൂടിനുള്ളിൽ തൂക്കുന്ന 10 രൂപയുടെ മുതൽ 1000 രൂപയുടെ വരെയുള്ള കടലാസ് നക്ഷത്രങ്ങളും വിപണിയിലുണ്ട്. അലങ്കരിച്ച റെഡിമെയ്ഡ് ക്രിസ്മസ് ട്രീകൾ തേടിയും ആളുകളെത്തുന്നു. തിടിയിൽ പുൽക്കൂടുകൾ വഴിയരികിൽ ഒരുക്കുന്ന തമിഴ് സംഘങ്ങളും നഗരത്തിലെത്തി.
3000 വരെയാണ് ക്രിസ്മസ് ട്രീകളുടെ വില. അലങ്കാര വസ്തുക്കൾക്ക് പൊള്ളുന്ന വിലയാണെങ്കിലും ട്രീകൾ ഭംഗിയാക്കാൻ ക്രിസ്മസ് ബാളുകളും സമ്മാനപ്പൊതികളും മണികളുമൊക്കെ തേടി കടകൾ കയറിയിറങ്ങുന്നവർ ധാരാളം. തടിയിലും മുളയിലും തീർത്ത പുൽക്കൂടുകൾക്കും ആവശ്യക്കാരേറെ. ഈറ്റ, ചൂരൽ, ഹാർഡ്‌ബോർഡ്, പ്ലാസ്റ്റർ ഒഫ് പാരീസ്, തെർമോക്കോൾ എന്നിവയിൽ തീർത്ത പുൽക്കൂടുകളും സുലഭമാണ്. തെരുവിലും കടകളിലുമെല്ലാം സാന്താക്ലോസ് വേഷം കിട്ടും. 300 രൂപ വരെയാണ് മുഖം മൂടിയുടെ വില.
ഓഫറുകളുടെ പെരുമഴ
ഗൃഹോപകരണ സ്ഥാപനങ്ങൾ ഓഫറുകളുമായി വിപണി ഉഷാറാക്കുന്നു. അമ്പതിനായിരം രൂപയ്ക്ക് ഒരു വീട്ടിലേയ്ക്കുള്ള മുഴുവൻ സാധനങ്ങളും നൽകുന്ന പാക്കേജിനാണ് ആവശ്യക്കാർ ഏറെ. എ.സിയും ടി.വിയും വാഷിംഗ് മെഷീനുമൊക്കെ വാങ്ങുന്നവരുമുണ്ട്. തുണിക്കടകളിലും തിരക്കാണ്.
കേക്ക്, വൈൻ വിപണി
ക്രിസ്മസിന് ആഴ്ചകൾക്ക് മുൻപ് ഉണർന്ന കേക്ക്, വൈൻ വിപണി പുതുവർഷം വരെ നീളുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. വിവിധ ഫ്ലേവറിൽ കേക്കുകൾ ലഭ്യമാണെങ്കിലും പ്ലം കേക്കുകളോടാണ് പ്രിയം. കേക്കും വൈനും ഡ്രൈ ഫ്രൂട്ട്സും അടങ്ങുന്ന ഗിഫ്റ്റ് ഹാംപറുകളാണ് ബേക്കറിയിൽ ഏറ്റവുമധികം വിറ്റുപോകുന്നത്.