
കോരുത്തോട് : ശബരിമല തീർത്ഥാടനപാത, സദാസമയംതിരക്ക്, കുത്തനെയുള്ള ഇറക്കം, ഒരപകടം നടന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. പരിക്കേറ്റത് 15 അയ്യപ്പഭക്തർക്ക്. എന്നിട്ടും അധികൃതർക്ക് അനക്കമില്ല. വഴിവിളക്ക് പോലുമില്ലാത്ത ഈ റോഡിൽ വാഹനങ്ങൾ എങ്ങനെ അപകടത്തിൽപ്പെടാതിരിക്കും. രാത്രിയിലും, പുലർച്ചെയും എന്തെങ്കിലും അത്യാഹിതമുണ്ടായാൽ വഴിവിളക്കുകൾ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുകയാണ്. ഇറക്കത്തിൽ മതിയായ റിഫ്ലക്ടറുകളുമില്ല. മടുക്കയിൽ പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയത് മാത്രമാണ് ഏകആശ്വാസം.
അപകടങ്ങൾ തുടർക്കഥ
കഴിഞ്ഞ ശബരിമല സീസണിലും ഇവിടെ അപകടങ്ങൾ പതിവായിരുന്നു. ശബരിമല സുരക്ഷാ ക്രമീകരണങ്ങൾക്കായി വിനിയോഗിക്കുന്ന ഫണ്ട് ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നാവശ്യം. അല്ലാത്തപക്ഷം രാഷ്ട്രീയം നോക്കാതെ നാട്ടുകാർ ചേർന്ന് ലൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു.