
പാലാ : ഏത് നിമിഷവും ഇടിഞ്ഞുവീഴാൻ പാകത്തിന് നിൽക്കുന്ന ഒരു കൽക്കെട്ട്. ഇതിന് ചുവട്ടിൽ ബസുകാത്ത് നിൽക്കുന്ന
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. പാലാ ജനറൽ ആശുപത്രിയ്ക്ക് മുന്നിലെ വെയ്‌റ്റിംഗ് ഷെഡ്ഡിന്റെയും ഇതിനെ അതിരിടുന്ന കൽക്കെട്ടിന്റെയും സ്ഥിതി ശോച്യാവസ്ഥയിലായിട്ടും അധികൃതർ കുലുക്കമില്ല. കൽക്കെട്ടിന്റെ ഒരു ഭാഗം ആറ് മാസം മുമ്പ് ഇടിഞ്ഞുവീണിരുന്നു. കനത്ത മഴ പെയ്താൽ ബാക്കി ഭാഗം കൂടി ഏത് നിമിഷവും നിലംപതിക്കാം. മഴക്കാലത്ത് കൽക്കെട്ടിന് ഇടയിലൂടെ മഴവെള്ളം കുത്തനെ വെയ്‌റ്റിംഗ് ഷെഡിന്റെ സമീപത്തുകൂടിയാണ് ഒഴുകിപ്പോകുന്നത്. പരസ്യബോർഡിന്റെ മറയുള്ളതിനാൽ കൽക്കെട്ടിന്റെ അപകടസ്ഥിതിയെപ്പറ്റി യാത്രക്കാർക്കും വലിയ അറിവില്ല.
ആശുപത്രി വളപ്പിലെ മരത്തിന്റെ വേരുകൾ ഇതിനുള്ളിലേക്ക് ഇറങ്ങിയ നിലയിലാണ്.
ആര് ചെയ്യും, നഗരസഭയോ, ആരോഗ്യവകുപ്പോ
ആരോഗ്യവകുപ്പിന്റെ കീഴിലാണ് ആശുപത്രിയുടെ സ്ഥലങ്ങൾ. ആശുപത്രിയുടെ ദൈനംദിന ചുമതല പാലാ നഗരസഭയെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരം നിർമ്മാണ കാര്യങ്ങൾ നേരിട്ട് നടത്താൻ നഗരസഭയ്ക്കാവില്ല. ആരോഗ്യവകുപ്പിൽ നിന്ന് പണം അനുവദിച്ചിട്ടുവേണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ. തനത് ഫണ്ട് പോലും കാര്യമായി ഇല്ലാത്ത പാലാ നഗരസഭയെ സംബന്ധിച്ച് കൽക്കെട്ട് നിർമ്മിക്കുക പ്രായോഗികമല്ല.
''കർണ്ണാടകയിലുണ്ടായതുപോലെ മതിലിടിഞ്ഞ് വെയ്‌റ്റിംഗ് ഷെഡ് അപ്പാടെ തകർന്നുള്ള ദുരന്തമുണ്ടാകാൻ കാത്തിരിക്കരുത്. എത്രയും വേഗം പുതുക്കി പണിയണം. ഇക്കാര്യം ഒരാഴ്ച മുമ്പ് നടന്ന മീനച്ചിൽ താലൂക്ക് വികസന സമിതിയിൽ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏ.കെ. ചന്ദ്രമോഹൻ, ഡി.സി.സി. വൈസ് പ്രസിഡന്റ്
കണ്ണടച്ച് വഴിവിളക്ക്, കണ്ണ് തെറ്റിയാൽ.....
കോരുത്തോട് : ശബരിമല തീർത്ഥാടനപാത, സദാസമയംതിരക്ക്, കുത്തനെയുള്ള ഇറക്കം, ഒരപകടം നടന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. പരിക്കേറ്റത് 15 അയ്യപ്പഭക്തർക്ക്. എന്നിട്ടും അധികൃതർക്ക് അനക്കമില്ല. വഴിവിളക്ക് പോലുമില്ലാത്ത ഈ റോഡിൽ വാഹനങ്ങൾ എങ്ങനെ അപകടത്തിൽപ്പെടാതിരിക്കും. രാത്രിയിലും, പുലർച്ചെയും എന്തെങ്കിലും അത്യാഹിതമുണ്ടായാൽ വഴിവിളക്കുകൾ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുകയാണ്. ഇറക്കത്തിൽ മതിയായ റിഫ്ലക്ടറുകളുമില്ല. മടുക്കയിൽ പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയത് മാത്രമാണ് ഏകആശ്വാസം.
അപകടങ്ങൾ തുടർക്കഥ
കഴിഞ്ഞ ശബരിമല സീസണിലും ഇവിടെ അപകടങ്ങൾ പതിവായിരുന്നു. ശബരിമല സുരക്ഷാ ക്രമീകരണങ്ങൾക്കായി വിനിയോഗിക്കുന്ന ഫണ്ട് ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നാവശ്യം. അല്ലാത്തപക്ഷം രാഷ്ട്രീയം നോക്കാതെ നാട്ടുകാർ ചേർന്ന് ലൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു.