കോട്ടയം : രണ്ടര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനായതായും കിഫ്ബി പദ്ധതി കേരളത്തിന്റെ മുഖവും മുഖശ്രീയുമായി മാറിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. കുടിവെള്ള പദ്ധതിയുൾപ്പെടെ ഏറ്റുമാനൂർ മണ്ഡലത്തിൽ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ കിഫ്ബി വഴി കഴിഞ്ഞെന്ന് അദേഹം പറഞ്ഞു. 1150 കോടി രൂപയുടെ വികസനമാണ് ഇത്തരത്തിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ നടത്തിയത്. മെഡിക്കൽ കോളജാശുപത്രിയുടെ വികസനവും മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷണ കേന്ദ്രങ്ങളും എല്ലാം കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തി. കാരിത്താസ് ഓവർ ബ്രിഡ്ജിന്റെ നിർമാണവും ഭംഗിയായി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.