
കോട്ടയം : ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സപ്ലൈകോ സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ കിട്ടാക്കനി. മിക്ക ഔട്ട്ലെറ്റുകളും ഇതിനോടകം കാലിയാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഒഴിഞ്ഞ സഞ്ചിയുമായി മടങ്ങേണ്ട ഗതികേട്. ഈ സ്ഥിതി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും. ഇതുണ്ടാക്കുന്ന വിലക്കയറ്റം സാധാരണക്കാരന് തിരിച്ചടിയാകും. വെളിച്ചെണ്ണ എത്തിയിട്ട് മാസങ്ങളായി. പഞ്ചസാര, അരി, പരിപ്പ് തുടങ്ങിയ ചുരുക്കം അവശ്യവസ്തുക്കൾ മാത്രമാണുള്ളത്. പ്രാദേശിക - ഗ്രാമീണ മേഖലകളിലെ ഔട്ട്‌ലെറ്റുകളിലാണ് ഉത്പന്നങ്ങൾക്ക് കൂടുതൽ ക്ഷാമം. ഇതുവരെ ക്രിസ്മസ് ഫെയർ ആരംഭിച്ചിട്ടില്ല. കൊവിഡ് കാലത്തിന് മുൻപ് 75 ലക്ഷം വരെ ലഭിച്ചിരുന്ന ഔട്ട്‌ലെറ്റുകളിൽ വരുമാനം കുത്തനെ കുറഞ്ഞു. കഴിഞ്ഞ നവംബറിൽ 36 ലക്ഷമാണ് ലഭിച്ചത്.
ജീവനക്കാരുടെ കാര്യവും കഷ്ടത്തിൽ
ദിവസവേതനത്തിൽ ജോലി ചെയ്യുന്നവർ യൂണിഫോം സ്വന്തം ചെലവിൽ തയ്പ്പിച്ചെടുക്കണം. 1000 രൂപ ഇതിനാകും. ധരിച്ചില്ലെങ്കിൽ 500 രൂപ വരെയാണ് പിഴ. ശമ്പളപ്രതിസന്ധിയെ തുടർന്ന് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റിൽ അഞ്ച് ജീവനക്കാരാണുള്ളത്. ശമ്പളത്തിന്റെ പകുതിയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്.
മെഡിക്കൽ സ്‌റ്റോർ അടഞ്ഞു
ഹൈപ്പർ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ രണ്ടുവർഷമായി പൂട്ടിയിട്ടിരിക്കുകയാണ്. ഇൻസുലിന് 20 മുതൽ 24 ശതമാനം വരെയും, ബി.പി.എൽ കാർഡ് ഉടമകൾക്ക് മരുന്നുകൾക്ക് 25 ശതമാനം വിലക്കുറവും ഇവിടെ ലഭിച്ചിരുന്നു. സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്നു ഇത്.