
കോട്ടയം : പേര് വൈദ്യുതി ശ്മശാനം, പ്രവർത്തിക്കുന്നത് പാചക വാതകത്തിൽ. അതും തകരാറിലായാലോ. ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാൻ നെട്ടോട്ടമോടേണ്ട അവസ്ഥ. കോട്ടയം നഗരസഭ വക മുട്ടമ്പലം ശ്മശാനം അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് രണ്ടാഴ്ചയിലേറെയായി. നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും തകരാർ ഒഴിയാബാധയായി തുടരുകയാണ്. പ്രതിദിനം അഞ്ചോളം മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചിരുന്നു. രണ്ട് ഫർണസുകളാണുള്ളത്. ഒരെണ്ണം നാളുകളായി പ്രവർത്തനരഹിതം. അവശേഷിച്ചതും പണിമുടക്കിയത് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലാണെന്നാണ് ആക്ഷേപം. ബ്ലോവറിന്റെ ബെയറിംഗ് കേടായതാണ് കാരണമായി പറയുന്നത്. എന്നാൽ ചിമ്മിനി, ടാങ്ക് എന്നിവയും തകരാറിലാണെന്നതാണ് സത്യം.
കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റവും കൂടുതൽ സംസ്‌കരിച്ചത് ഇവിടെയാണ്. 2005 ലാണ് ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചത്. അനാഥ മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് കല്ലറകളുമുണ്ട്. രണ്ട് മെഷീനുകൾക്കായി രണ്ട് വാട്ടർ ടാങ്കാണുള്ളത്. എട്ട് മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ ടാങ്കിലെ വെള്ളം മാറണം. ടാങ്കിൽ 1000 ലിറ്റർ മുകളിൽ വെള്ളം ഉണ്ടാകണം. ഒരു മൃതദേഹം കത്തിക്കുന്നതിന് രണ്ട് ഗ്യാസ് സിലിണ്ടർ വേണം. സമുദായങ്ങളുടെയും സംഘടനകളുടെയും ശ്മശാനവും സമീപത്തായുണ്ടെങ്കിലും ദഹിപ്പിക്കാൻ ഏഴ് മണിക്കൂർ വേണ്ടിവരും. രണ്ട് മണിക്കൂറിനുള്ളിൽ ദഹിപ്പിക്കാനാകുമെന്നതിനാൽ കൂടുതൽ മൃതദേഹങ്ങളും ഇവിടെയാണ് എത്തിച്ചിരുന്നത്.
ശ്മശാനത്തിന് പുറത്ത് സംസ്‌കാരം
ഇക്കഴിഞ്ഞ തിങ്കളാഴ്ച കാരാപ്പുഴ സ്വദേശിയുടെ മൃതദേഹം ശ്മശാനത്തിന് പുറത്തുവച്ചാണ് സംസ്‌കരിച്ചത്. അതും സ്വന്തം ചെലവിൽ മൊബൈൽ ഗ്യാസ് ക്രിമിറ്റോറിയത്തിൽ. ശ്മശാനത്തിന് ചുറ്റും വീടുകളും സ്‌കൂളുമുള്ളതിനാൽ പുറത്തുവച്ച് ദഹിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. കഴിഞ്ഞ വർഷം ഒക്‌ടോബറിലും ഫർണസ് കേടായി പ്രവർത്തനരഹിതമായിരുന്നു. പുതിയ ഫർണസുകൾ സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരാർ എടുത്തിരിക്കുന്ന ഏജൻസി പറയുന്നത്. അതിന് നഗരസഭ ഒരുക്കവുമല്ല.
താത്കാലിക സംവിധാനമില്ല, ആശ്രയം ഏറ്റുമാനൂർ
വൈദ്യുതിമുടക്കം പതിവായതോടെ ജനറേർ വാങ്ങിയെങ്കിലും ഇതും സ്ഥിരം കേടായതോടെയാണ് പാചകവാതക സംവിധാനമൊരുക്കിയത്. കേടായി കിടക്കുന്ന ജനറേറ്റിന് സമീപം ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. നിലവിൽ കോട്ടയം നഗരസഭ പരിധിയിലുള്ളവർക്ക് മൃതദേഹം സംസ്കരിക്കാൻ ഏറ്റുമാനൂരിലെ നഗരസഭ ശ്മശാനമാണ് ആശ്രയം. ഇതിന് 12 കിലോമീറ്റർ സഞ്ചരിക്കണം.
ചാർജ് ഈടാക്കുന്നത്
ബി.പി.എൽ വിഭാഗങ്ങൾക്ക് : 1500
നഗരസഭാ പരിധിയ്ക്ക് പുറത്ത് : 4000
''പുതിയ ഫർണസിന് തുക വകയിരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യമായതിനാൽ തനത് ഫണ്ടിൽനിന്ന് തുക ചെലവഴിച്ച് പണി നടത്താൻ തീരുമാനിച്ചിട്ടും നടന്നില്ല. ഒരുമാസത്തിലേറെ ശ്മശാനം അടച്ചിടേണ്ട സാഹചര്യമാണുള്ളത്.
-(ബിൻസി സെബാസ്റ്റ്യൻ, നഗരസഭ ചെയർപേഴ്‌സൺ)