കോട്ടയം: കേരള കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.സി.എസ്.പിഎ)യുടെ നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. ജില്ലാ ഭരണകൂടങ്ങൾക്ക് മുന്നിലും പെൻഷനേഴ്‌സ് ബോർഡിന് മുമ്പിലും 19ന് മാർച്ചും ധർണയും നടക്കും. ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷാമബത്ത നിർത്തലാക്കിയത് പുനസ്ഥാപിക്കുക, മിനിമം പെൻഷൻ പരിധി 10,000 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കളക്ട്രേറ്റിലേക്ക് നടക്കുന്ന മാർച്ചും ധർണയും അഡ്വ.സുരേഷ് കുറുപ്പ് എക്‌സ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റ്റി.ജെ മാത്യു തെങ്ങുപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ കെ.എം തോമസ്, വി.ജി വിജയകുമാർ, എം.എൻ ഗോപാല കൃഷ്ണ പണിക്കർ, ജില്ലാ സെക്രട്ടറി അവിരാ ജോസഫ് എന്നിവർ പങ്കെടുക്കും.