
□ ഇടതു മുന്നണിയിൽ കല്ലുകടി
കോട്ടയം: വനനിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ കരട് വിജ്ഞാപനത്തിനെതിരെ കേരളാ കോൺഗ്രസ് മാണി വിഭാഗം രംഗത്തെത്തിയത് ഇടതു മുന്നണിയിൽ കല്ലുകടിയായി. മലയോരകർഷകർക്ക് ദോഷകരമായ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന യു.ഡി.എഫ് നിലപാടിനൊപ്പമാണ് പാർട്ടി ചെയർമാൻ ജോസ് കെ.മാണിയും.
വിഷയം മലയോരമേഖലയിൽ വിവാദത്തിന് വഴി മരുന്നിടുമ്പോൾ കേരളാകോൺഗ്രസിന്റെ കർഷക വിഭാഗം പ്രക്ഷോഭത്തിനൊരുങ്ങുന്നതും ഇടതുമുന്നണിക്ക് തലവേദനയാകും. വനാതിർത്തിയിൽ താമസിക്കുന്നവർ ഒന്നരക്കോടിയിലധികം വരും. ഇവരെ ദ്രോഹിക്കുന്നതിനാണ് പുതിയ വിജ്ഞാപനമെന്നാണ് ആരോപണം. നിയമമനുസരിച്ച് വനം കുറ്റകൃത്യങ്ങൾക്കുള്ള പിഴ പത്തിരട്ടിയാകും.വാറണ്ടോ കേസോ ഇല്ലാതെ താഴെത്തട്ടിൽ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അറസ്റ്റു ചെയ്യാം. വനത്തിനുള്ളിലെ മണൽ വാരൽ, വനാതിർത്തിയിലെ വേലികൾക്കും കൈയ്യാലകൾക്കും കേടുവരുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് കരട് നിയമത്തിലുള്ളത്.കേരളത്തിൽ വനമേഖല പങ്കിടുന്നത്: 430 പഞ്ചായത്തുകളാണ്
'മലയോര കർഷകർക്ക് ദോഷകരമായ ഭാഗങ്ങൾ കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണം.'
-ജോസ് കെ.മാണി എം.പി
'ജനവിരുദ്ധ നിർദ്ദേശങ്ങൾ നിറഞ്ഞിരിക്കുന്ന വിജ്ഞാപനം പിൻവലിക്കുന്നില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും
-പി.ജെ.ജോസഫ്,
കേരള കോൺ. ചെയർമാൻ