d

കോട്ടയം: ജാതിയും മതവും നോക്കാതെ മനുഷ്യരായ ആരുടെയും മൃതദേഹം സംസ്കരിക്കുന്നതിലൂടെ ശ്രദ്ധേയമാവുകയാണ് കോട്ടയം നഗരമദ്ധ്യത്തിലുള്ള 'ശാന്തി ധാമം' ശ്‌മശാനം. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ കീഴിൽ കോട്ടയം ടൗൺ ബി ശാഖയുടെ ഉടമസ്ഥതയിൽ മുട്ടമ്പലം നഗരസഭാ ശ്‌മശാനത്തിനു സമീപമുള്ള ഇവിടെ ശ്രീനാരായണീയരുടെ മാത്രമല്ല എല്ലാ സമുദായത്തിൽപ്പെട്ടവരുടെയും ബന്ധുക്കളില്ലാതെ പൊലീസ് കൊണ്ടു വരുന്ന അജ്ഞാത മൃതദേഹങ്ങളും ദഹിപ്പിക്കുന്നതിലൂടെ ഒരു ജാതി ഒരുമതമെന്ന .... ഗുരുദേവ സന്ദേശം യാഥാർത്ഥ്യമാവുകയാണ്. ശവസംസ്കാര ചടങ്ങിൽ ചൊല്ലാറുള്ള 'ദൈവമേ സച്ചിതാനന്ദ 'എന്നാരംഭിക്കുന്ന മോക്ഷ പ്രാർത്ഥനാ ഗീതത്തിലെ 'ശാന്തി ധാമം' എന്ന അന്വർത്ഥമായ വാക്കാണ് ശ്മശാനത്തിനിട്ടിട്ടുള്ളത്.ചുറ്റുമതിലിൽ വിവിധ ഗുരുദേവസൂക്തങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

കോട്ടയം നഗരത്തിലുള്ള വിവിധ എസ്.എൻ.ഡി.പി ശാഖകളിലുള്ള കുടുംബാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ആരംഭിച്ചതാണെങ്കിലും ഏതു സമുദായത്തിലുള്ളവരുടെ മൃതദേഹങ്ങളും ബന്ധപ്പെട്ടവരുടെ കത്തുമായെത്തിയാൽ ഇവിടെ സംസ്കരിക്കാം . മുട്ടമ്പലത്ത് നഗരസഭാ ശ്മശാനത്തതിനു പുറമേ ഇതരസമുദായങ്ങളുടേതടക്കം അരഡസനോളം ശ്‌മശാനങ്ങൾ ഉണ്ടെങ്കിലും എല്ലാ സമുദായത്തിൽപ്പെട്ടവരുടെയും സംസ്കാരം ഇവിടെ മാത്രമാണ്. അപകടമരണമോ മറ്റോ ആണെങ്കിൽപൊലീസ് നൽകുന്ന രേഖകൾ വേണമെന്നു മാത്രം. കോവിഡ് കാലത്ത് നിരവധി അജ്ഞാത മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചിരുന്നു.മുട്ടമ്പലത്ത് നഗരസഭ വക വൈദ്യുത ശ്മശാനം പലപ്പോഴും പ്രവർത്തന രഹിതമാകുന്നതിനാൽ കൂടുതൽ സംസ്കാരം ശാന്തി ധാമത്തിലാണ് നടക്കുന്നത്.

വിശാലമായ സൗകര്യം

വിശാലമായ ശ്മശാനത്തിൽ ഒരേ സമയം രണ്ടു മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനമുണ്ട്. ഗ്രാനൈറ്റ് പാകി വൃത്തിയാക്കിയതാണ് തറ. പ്രാർത്ഥനയ്ക്കും ,​പൂജക്കും ,​പ്രദക്ഷിണത്തിനുമുള്ള സൗകര്യമുണ്ട്. കൂടുതൽ ആളുകൾക്ക് സംസ്കാര ചടങ്ങുകൾ ഇരുന്നു കാണുന്നതിന് ധാരാളം പടികളും നിർമിച്ചിട്ടുണ്ട്.

എല്ലാ മതത്തിലും സമുദായത്തിലും പെട്ടവരുടെ ശവ സാസ്കാരം നടത്തുന്ന ശ്മശാനം എന്ന പ്രത്യേകതയുള്ള 'ശാന്തി ധാമം' ശ്മശാനത്തിന്റെ നവീകരണത്തിന് 2013ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആറ് ലക്ഷം രൂപഎം.എൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും കളക്ടറേറ്റിലെ ചില സവർണ ഉദ്യോഗസ്ഥർ പല തടസവാദങ്ങളും ഉന്നയിച്ചു പതിനൊന്നു വർഷമായിട്ടും പണം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ ഉണ്ടാകണം .

എസ്.ദേവരാജൻ (കോട്ടയം ടൗൺ ബി പ്രസിഡന്റ് )​