
കോട്ടയം: വെർച്വൽ അറസ്റ്റിന് ഇരയായ ഡോക്ടറെ ബാങ്ക് ജീവനക്കാരും പൊലീസും ചേർന്ന് രക്ഷിച്ചു. തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്ത 5.30 ലക്ഷം രൂപയിൽ 4,65,000 രൂപ വീണ്ടെടുത്തു.
ബാക്കി പണം തിരികെ ലഭിക്കുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു. പെരുന്ന എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥരുടെ സമയോചിമയ ഇടപെടലാണ് ഡോക്ടർക്ക് രക്ഷയായത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ഡോക്‌ടർ. സുപ്രീം കോടതിയുടെ പേജിൽ വ്യാജരേഖകൾ ഉണ്ടാക്കിയാണ് തട്ടിപ്പുകാർ ഡോക്ടറെ കബളിപ്പിച്ചത്.
തിങ്കളാഴ്‌ച വൈകിട്ടാണ് ഡോക്ടർക്ക് തട്ടിപ്പുകാരുടെ കാൾ വന്നത്. ഇന്ത്യ പോസ്റ്റിന്റെ മുംബയിലുള്ള ഓഫീസിൽ ഡോക്ടറുടെ പേരിൽ കൊറിയർ വന്നിട്ടുണ്ടെന്നും അതിൽ നിയമവിരുദ്ധ വസ്തുക്കളാണെന്നും പറഞ്ഞായിരുന്നു ഭീഷണി. അറസ്റ്റ് ഒഴിവാക്കാൻ 5 ലക്ഷം രൂപ നൽകണമെന്നും അറിയിച്ചു. പിന്നീട് മുപ്പതിനായിരം രൂപകൂടി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയോടെ ഡോക്ടർ ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലെ എസ്.ബി.ഐ ബാങ്കിലെത്തി അഞ്ചു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. നോർത്ത് ഇന്ത്യൻ അക്കൗണ്ടായിരുന്നു അത്. ഡോക്ടറുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചശേഷംചങ്ങനാശേരി ഡിവൈ.എസ്.പി ഓഫീസിൽ വിവരമറിയിച്ചു. ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി സിസ്റ്റം അലർട്ടും നൽകി.
വീഡിയോ കാൾ വഴിതുറന്നു
സൈബർ ഓപ്പറേഷൻ ടീമിന്റെയും പൊലീസിന്റെയും കൃത്യമായ നീക്കമാണ് സംഭവത്തിലെ കുരുക്കഴിച്ചത്.
ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം ബാങ്കിലെത്തിയ പൊലീസ് ഡോക്ടറുടെ അഡ്രസും മറ്റു വിവരങ്ങളും ശേഖരിച്ചു. പെരുന്നയിലെ വീട്ടിലെത്തി ഡോക്‌ടറോട് വിവരങ്ങൾ തേടി.പണം സുഹൃത്തിന് അയച്ചതാണെന്നായിരുന്നു മറുപടി. പരാതിയില്ലെന്നും പറഞ്ഞു. പൊലീസ് ഡോക്ടറുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുന്നതിനിടെ മുംബയ് പൊലീസിൽ നിന്നാണെന്നു പറഞ്ഞ് തട്ടിപ്പുകാർ വീഡിയോ കാൾ വിളിച്ചു. കോളിൽ ഉണ്ടായിരുന്നയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. പുറത്തേക്ക് പോകരുതെന്ന് ഹിന്ദിയിൽ പറയുകയും ചെയ്തു.
വിളിച്ചയാളോട് കേരള പൊലീസാണെന്ന് കോളെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. യൂണിഫോം കാണുകയും ചെയ്തതോടെ കാൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. അതിനിടെ പണം വീണ്ടെടുക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.