
പാലാ: മൃദംഗവിദ്വാൻ തലനാട് മനുവിന്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷം മനുനാദം @60 22ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മൃദംഗകലാകാരൻ എന്ന നിലയിൽ കേരളമാകെ അറിയപ്പെടുന്നയാളാണ് തലനാട് മനു.
വിവിധ പരിപാടികൾ
22ന് രാവിലെ 9 ന് ഗുരുസ്മരണ നടക്കും. തുടർന്ന് തലനാട് മനുവിന്റെ ശിഷ്യൻമാർ ചേർന്ന് മൃദംഗ ലയവിന്യാസം നടത്തും. രാവിലെ 10 ന് നെല്ലായി കെ. വിശ്വനാഥന്റെ വയലിൻ കച്ചേരി. 11.30 ന് നടക്കുന്ന ഷഷ്ട്യബ്‌ദപൂർത്തി ആഘോഷസമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രൊഫ. പാറശ്ശാല രവി അദ്ധ്യക്ഷത വഹിക്കും. ഗുരുക്കൻമാർക്ക് തലനാട് മനു ദക്ഷിണ നൽകി ആദരിക്കും. ഫാ. തോമസ് വെടിക്കന്നേൽ, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, വി. തങ്കപ്പൻ, ശ്രീജിത്ത് നമ്പൂതിരി, ജയന്തൻ നമ്പൂതിരി, അഡ്വ. ലാൽ പുളിക്കക്കണ്ടം, കണ്ണൻ ശ്രീകൃഷ്ണവിലാസം, കയ്യൂർ സരേന്ദ്രൻ, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ, പ്രൊഫ. വൈക്കം പി.എസ്. വേണഗോപാൽ, പ്രൊഫ. കടനാട് വി.കെ. ഗോപി, മുല്ലക്കര സുഗുണൻ, സുനിൽകുമാർ ഇടയാറ്റ്, ജിൻസ് ഗോപിനാഥ്, ഗൗതം മഹേഷ്, ജോജി വി.പി., അയ്യമ്പാറവിള കൃഷ്ണൻ, കെ.ബി. അനീഷ് കുമാർ, ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും. പ്രമുഖർ ചേർന്ന് തലനാട് മനുവിനെ പൊന്നാട അണിയിച്ചാദരിക്കും. തുടർന്ന് സംഗീതാർച്ചനയുമുണ്ട്.
മൃദംഗത്തിലെ തലപ്പൊക്കം
തലനാട് നെല്ലിയേക്കന്നേൽ കുടുംബത്തിൽ എൻ.ഡി. മാത്യു ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് തലനാട് മനു. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നിന്നും മൃദംഗത്തിൽ ഒന്നാം ക്ലാസോടെ ഗാനഭൂഷണം പാസായി. 1991 ൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനപ്രവീണയും പാസായി. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ അദ്ധ്യാപകനായിരുന്നു.
മാവേലിക്കര വേലിക്കുട്ടി നായർ, പാറശ്ശാല രവി, വൈക്കം പി.എസ്. വേണഗോപാൽ, കടനാട് വി.കെ. ഗോപി എന്നിവരുടെ ശിഷ്യനാണ്. കേരളത്തിലും പുറത്തും അറിയപ്പെടുന്ന സംഗീതജ്ഞരുടെ കച്ചേരികൾക്കെല്ലാം മൃദംഗത്തിൽ പക്കമൊരുക്കിയിട്ടുണ്ട്. ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റുണ്. 2024ലെ കേരള കൗമുദി പുരസ്‌കാരം, പാലാ മുരിക്കുംപുഴ ദേവിക്ഷേത്രത്തിന്റെ മൃദംഗശിരോമണി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീത അദ്ധ്യാപിക ജയ മനുവാണ് ഭാര്യ. വിദ്യാർത്ഥികളായ ആദിത്യ മനു, ആദിഷ് മനു എന്നിവർ മക്കളാണ്.
വാർത്താ സമ്മേളനത്തിൽ കെ.ബി. അനീഷ് കുമാർ, ബിജു മൂന്നാനപ്പള്ളി, സുബിൻ തിടനാട് എന്നിവരോടൊപ്പം തലനാട് മനുവും പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
തലനാട് മനു