nehru

കോട്ടയം : നെഹ്‌റു ട്രോഫി വള്ളംകളി കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോഴും ബോട്ട് ക്ലബുകൾക്കുള്ള ബോണസ് ലഭ്യമായില്ല. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കും ക്ലബുകൾക്കും ബോണസും സമ്മാനത്തുകയും കിട്ടിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തുഴച്ചിൽകാരും, ഇതിൽ പ്രതിഷേധിച്ച് അഷ്ടമുടി കായലിൽ നാളെ നടക്കുന്ന സി.ബി.എൽ ഫൈനൽ മത്സരം ബഹിഷ്‌കരിക്കാനാണ് ക്ലബുകളുടെ തീരുമാനം.

ലീഗിലെ 6 മത്സരങ്ങളിൽ 5 എണ്ണം പൂർത്തിയായി. ബോണസ് ഇനത്തിൽ ചുണ്ടൻവള്ളങ്ങൾക്ക് ഒരു ലക്ഷം വീതവും, മറ്റു വള്ളങ്ങൾക്ക് 25,000 രൂപ വീതവും മത്സരത്തിന് മുൻപ് നൽകിയിരുന്നു. ബാക്കി തുക ലഭിക്കാൻ നിവേദനങ്ങൾ നിരവധി നൽകിയിട്ടും പരിഹാരം കാണുന്നില്ല. നെഹ്റു ട്രോഫി വള്ളംകളി ടിക്കറ്റ് വില്പനയിലൂടെ 73 ലക്ഷവും പരസ്യത്തിലൂടെ 60 ലക്ഷവും ലഭിച്ചിട്ടാണ് സർക്കാരിന്റെ മെല്ലെപ്പോക്കെന്നാണ് വിമർശനം.

മന്ത്രിയുടെ പ്രഖ്യാപനവും വെള്ളത്തിലായി

നെഹ്‌റു ട്രോഫിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ ഗ്രാന്റ് അനുദിക്കുമെന്നും എൻ.ടി.ബി.ആർ സൊസൈറ്റി എപ്പോൾ ആവശ്യപ്പെട്ടാലും പണം നൽകുമെന്നുമായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. ബോണസ് കിട്ടാത്തതിനാൽ തുഴച്ചിൽക്കാർക്കുള്ള കൂലി പോലും നൽകാനാകാത്ത സ്ഥിതിയിലാണ് പല ക്ലബുകളും. ടൂറിസം വകുപ്പ് നൽകുന്ന പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് പലിശയ്ക്ക് പണം വാങ്ങി മത്സരത്തിനു തയ്യാറെടുത്തവരും പ്രതിസന്ധിയിലാണ്. ഈ വർഷം അധികം മത്സരങ്ങൾ ഇല്ലാതിരുന്നതിനാൽ ചെറുവള്ളങ്ങളുംസാമ്പത്തിക പ്രതിസന്ധിയിലാണ്. സി.ബി.എൽ സമിതിയും, ടൂറിസം വകുപ്പും കബളിപ്പിക്കുകയാണെന്നാണ് ആരോപണം.

''നെഹ്‌റു ട്രോഫി വള്ളംകളി തയ്യാറെടുപ്പുകൾ പൂർത്തിയായ ശേഷം മാറ്റിവച്ചതിനാൽ കരാറുകാർക്ക് നഷ്ട പരിഹാരം നൽകണം. പവിലിയനും പന്തലും ട്രാക്കും ഒരുക്കിയതിന് 50 ലക്ഷം നൽകണം. ഇതിനു പുറമേയാണ് തുഴച്ചിൽകാർക്കുള്ള ബോണസ്. സർക്കാർ ഗ്രാന്റ് ഒരു കോടി ലഭിച്ചാലും ഇതെല്ലാം കൊടുത്തു തീർക്കാനാകില്ല.

-(നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി )