bus

ബ്രേക്കില്ലാതെ ഓടിയത് 3 കിലോമീറ്റർ

മുണ്ടക്കയം ഈസ്റ്റ് : ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 5 പേർക്ക് പരിക്ക്. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇറക്കം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്. മൂന്നു കിലോമീറ്റർ ബ്രേക്ക് ഇല്ലാതെ ബസ് ഓടി. ഡ്രൈവറിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. നിരവധിത്തവണ ബസ് ഇടിച്ചു നിറുത്താൻ ശ്രമിച്ചെങ്കിലും വാഹനത്തിരക്കും, വിദ്യാർത്ഥികളെയും കണ്ടതോടെ ഡ്രൈവർ ശ്രമം ഉപേക്ഷിച്ചു മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് സെന്റ് ആന്റണീസ് കോളേജിന്റെ മുൻഭാഗത്തെ തിട്ടയിൽ ഇടിച്ച് ബസ് നിറുത്തുകയും, റോഡിലേക്ക് മറിയുകയുമായിരുന്നു. ദേശീയപാതയിലെ മറുവശം കൊക്കയാണ്. ഡ്രൈവർ ഉൾപ്പെടെ 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹനവകുപ്പ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.