
കുമരകം : നാട്ടുകാർ അന്നേ പറഞ്ഞതാണ് ഈ റോഡ് അപകടക്കെണിയൊരുക്കുമെന്ന്. ഒടുവിൽ അത് സംഭവിച്ചു. അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത് എട്ടാംക്ലാസ് വിദ്യാർത്ഥിയും. പൊട്ടിത്തകർന്ന് കാൽനടയാത്ര പോലും അസാദ്ധ്യമായ എസ്.കെ.എം പബ്ലിക് സ്കൂൾ - അപ്സര റോഡാണ് കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ വിദ്യാർത്ഥി ആദിൽ രാജേഷിന് ചതിക്കുഴിയൊരുക്കിയത്. പരീക്ഷ കഴിഞ്ഞ് സൈക്കിളിൽ വരികയായിരുന്നു കുമരകം ചൂളപ്പടി പുത്തൻപുരയിൽ രാജേഷിന്റെയും അമിതയുടെയും മകനായ ആദിൽ. കുഴിയിൽ അകപ്പെട്ട് സൈക്കിൾ മറിഞ്ഞു. ഇടതു കൈയ്ക്ക് പരിക്കേറ്റ ആദിലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധിത്തവണ പ്രദേശവാസികൾ പഞ്ചായത്തിനോട് പരാതി പറഞ്ഞിരുന്നു. എട്ടോളം സ്കൂൾ ബസുകൾ രാവിലെയും വൈകിട്ടും സർവീസ് നടത്തുന്നത് ഇതുവഴിയാണ്. കായൽ തീരത്തെ റിസോർട്ടുകളിലേയ്ക്കെത്തുന്നതിനും ഈ റോഡാണ് ഏക ആശ്രയം. തിരക്കേറിയ റോഡിലെ വിശാഖംതറ ഭാഗത്തുള്ള കലുങ്കുകളുടെ കൈവരിയും തകർന്ന നിലയിലാണ്.
സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി, എന്നിട്ടും
ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന എസ്.കെ.എം സ്ക്കൂളിലേയ്ക്കുള്ള വാഹനത്തിരക്കും, റോഡിലെ അപകട സാദ്ധ്യതയും ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിനും, പഞ്ചായത്തിനും റിപ്പോർട്ട് നൽകിയതാണ്. എന്നിട്ടും ചെറുവിരലനക്കിയില്ല. അധികൃതരുടെ അവഗണന പിന്നോട്ടടിപ്പിക്കുന്നത് ഈ കൊച്ചുഗ്രാമത്തിന്റെ ടൂറിസം സ്വപ്നങ്ങളെയാണെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പഞ്ചായത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തിയിട്ട്. കോട്ടയം - കുമരകം റോഡും, ബോട്ടുജെട്ടി - നസ്രത്ത്പള്ളി റോഡും ജി 20 ഷെർപ്പ യോഗങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റീ ടാർ ചെയ്തിരുന്നു. ചതുപ്പ് പ്രദേശങ്ങളിലെ ഇടറോഡുകൾ കൃത്യമായി പരിപാലിച്ചില്ലെങ്കിൽ ടാറിംഗ് ഇളകി ചെളിമണ്ണ് മുകളിലേക്ക് വരും.
മഴ പെയ്താൽ കുളമാകും
മഴ പെയ്താൽ റോഡുകളുടെ കാര്യം പിന്നെ പറയേണ്ട. കുഴികളിൽ നിറയെ വെള്ളം കെട്ടിക്കിടക്കും. ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടും. താരതമ്യേന ചെലവ് കുറച്ചാണ് പഞ്ചായത്ത് റോഡുകളുടെ നിർമ്മാണം. വാർഷിക പദ്ധതി വിഹിതം യഥാസമയം ലഭിക്കാത്തതാണ് വികസന പ്രവർത്തനങ്ങൾ തടസപ്പെടാൻ കാരണം. നിരവധി തുകയാണ് പ്രതിവർഷം ലാപ്‌സാകുന്നത്.
''പഞ്ചായത്തിന്റെ വാർഡ് വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാകുകയാണ്ന. ഉടൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കും.
ജോഫി ഫെലിക്സ് ( വാർഡ് മെമ്പർ)