
കോട്ടയം: ഒൻപത് വർഷത്തിനു ശേഷം മന്നം ജയന്തി സമ്മേളന വേദിയിലേക്ക് രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം. ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിൽ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തലയെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ക്ഷണിച്ചിരിക്കുന്നത്.
ആഭ്യന്തരമന്ത്രിയായിരിക്കെ 2016 ജനുവരി 2നാണ് ചെന്നിത്തല അവസാനമായി ജയന്തി സമ്മേളന വേദിയിൽ എത്തിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കെ.പി.സി.സി പ്രസിഡന്റായിരുന്ന ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം നൽകണമെന്ന സുകുമാരൻ നായരുടെ ആവശ്യം വിവാദമായിരുന്നു. ഇതിനു പിന്നാലെ ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായി. തന്നെ നായർ നേതാവായി ബ്രാൻഡ് ചെയ്തെന്ന പരാതി പിന്നീട് ചെന്നിത്തല പരസ്യമായി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ശേഷം എല്ലാ മന്നംജയന്തി സമ്മേളനത്തിലും ചെന്നിത്തല പങ്കെടുത്ത് പുഷ്പാർച്ചന നടത്തിയിരുന്നെങ്കിലും വേദിയിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ല.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിനിടെയാണ് ചെന്നിത്തലയ്ക്ക് എൻ.എസ്.എസ് ക്ഷണം കിട്ടുന്നത്. വി.ഡി. സതീശനുമായി എൻ.എസ്.എസ് നല്ല ബന്ധത്തിലല്ല.
അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. എൻ.എസ്.എസ് പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷനാകും. കെ. ഫ്രാൻസിസ് ജോർജ് എം.പി അനുസ്മരണപ്രഭാഷണം നടത്തും. ജി. സുകുമാരൻ നായർ സ്വാഗതവും, എൻ.എസ്.എസ് ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള നന്ദിയും പറയും.
എൻ.എസ്.എസുമായി പ്രശ്നങ്ങളില്ല: ചെന്നിത്തല
തൃശൂർ: എൻ.എസ്.എസുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരുമായും എന്നും വഴക്കിട്ട് നിൽക്കേണ്ട കാര്യമില്ല. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് ക്ഷണിച്ചത്. സന്തോഷപൂർവം ക്ഷണം സ്വീകരിച്ചു. പഴയകാല സംഭവങ്ങളെ പോസ്റ്റുമോർട്ടം ചെയ്യേണ്ട കാര്യമില്ല.
യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ 2041 വരെയുള്ള ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണ് വൈദ്യുതി നിരക്ക് വർദ്ധിക്കാനുള്ള കാരണം. നിലവിലുണ്ടായിരുന്ന കരാർ റദ്ദാക്കിയതിലൂടെ സ്വകാര്യ വൈദ്യുത കമ്പനികൾക്ക് കേരളത്തെ കൊള്ളയടിക്കാനുള്ള അവസരമാണുണ്ടാക്കിയത്. പവർ ബ്രോക്കർമാരാണ് പിന്നിൽ.