ss

കോട്ടയം : ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ കല്പന നല്കിയ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രമുറ്റത്തെ തേന്മാവിൻ ചുവട്ടിൽ ഇനി കെടാവിളക്കും വെളിച്ചം പകരും. ഗുരുസാമിപ്യമറിഞ്ഞ മാവിൻചുവട്ടിൽ എന്നും പ്രകാശം പരത്താൻ ഗ്ലാസ് മറയോട് കൂടിയ വിളക്ക് വഴിപാടായി നൽകിയത് ഒരു ഗുരുദേവ ഭക്തയാണ്.

തീർത്ഥാടന കാലത്ത് ഈ മാവിൻ ചുവട് വണങ്ങി ആയിരക്കണക്കിന് തീർത്ഥാടകരാണ് എല്ലാ വർഷവും പദയാത്രയായി ശിവഗിരിക്ക് പോകുന്നത്. ഗുരുവിനെ അറിഞ്ഞ മാവിൻചുവട് ചരിത്ര സ്മാരകമായി നിലനിറുത്തുന്നതിന്റെ ഭാഗമായി ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 50 ലക്ഷം രൂപയിൽ വിശാലമായ തീർത്ഥാടന പവിലിയനും നിർമ്മിച്ചിട്ടുണ്ട്. ഔദ്യോഗിക പദയാത്ര 25 ന് ഇവിടെ നിന്ന് പുറപ്പെടും. മന്ത്രി വി.എൻ.വാസവൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ശിവഗിരിയിൽ ഉയർത്താനുള്ള ധർമ്മ പതാക തേൻമാവിൻ ചുവട്ടിൽ നിന്നാണ് ഹംസരഥത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടു പോകുന്നത്.

1928 ജനുവരി 16നായിരുന്നു ശിവഗിരിതീർത്ഥാടനത്തിന് ഗുരു അനുമതി നൽകിയത്. ഇതിന് രണ്ടു ദിവസം മുമ്പ് എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗവും ഗുരു സാന്നിദ്ധ്യത്തിൽ നാഗമ്പടത്ത് നടന്നിരുന്നു ടി.കെ.മാധവൻ സംഘടനാ

സെക്രട്ടറിയായിരുന്നപ്പോൾ ആദ്യത്തെ 108 ശാഖകളുടെ രജിസ്ടേഷൻ സർട്ടിഫിക്കറ്റ് ഗുരു വിതരണം ചെയ്തതും ഇവിടെ വച്ചായിരുന്നു. മുത്തശ്ശി മാവായിട്ടും കേടൊന്നും ബാധിക്കാതെ ശാഖകൾ വിടർത്തി ഇന്നും തേനൂറുന്ന ചെറു മാമ്പഴം പൊഴിക്കുന്ന തേൻമാവ് കാണാനും ചുവട്ടിലിരുന്ന് ഗുരുവിന്റെ അദൃശ്യ സാന്നിദ്ധ്യമേറ്റുവാങ്ങാനും ആയിരക്കണക്കിനാളുകളാണ് നാഗമ്പടത്തെത്തുന്നത്.