ss

കോട്ടയം : തണ്ണീർമുക്കം ബണ്ട് അടയ്ക്കൽ അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധം. മത്സ്യലഭ്യത കൂടിയതോടെ ബണ്ട് അടയ്ക്കുന്നതിന് മത്സ്യതൊഴിലാളികൾ എതിരാണ്. എന്നാൽ അടച്ചില്ലെങ്കിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുമെന്ന് കർഷകർ പറയുന്നു. ഡിസംബർ 15 നാണ് മുഴുവൻ ഷട്ടറുകളും അടക്കേണ്ടിയിരുന്നത്. കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. 28 ഷട്ടറുകൾ വേലിയേറ്റ സമയത്ത് അടയ്ക്കാനും പിന്നീട് തുറക്കാനുമാണ് തീരുമാനം. ഇതുകൊണ്ട് കാര്യമില്ലന്നാണ് കർഷകർ പറയുന്നത്. കാർഷിക കലണ്ടർ അനുസരിച്ച് ഡിസംബർ 15 ന് അടക്കുന്നതിന് പകരം28 ഷട്ടറുകൾ നേരത്തേ അടച്ചതിൽ പ്രതിഷേധിച്ച് സംയുക്ത മത്സ്യത്തൊഴിലാളി യൂണിയൻ തണ്ണീർമുക്കം പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബണ്ട് പൂർണമായി അടച്ചാൽ ഒഴുക്ക് നിലച്ച് മലിനീകരണം രൂക്ഷമാകുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുമെന്നുമാണ് ഇവർ പറയുന്നത്. മഴ നീണ്ടതോടെ രണ്ടാം കൃഷി കൊയ്ത്ത് പൂർത്തിയായിട്ടില്ല. ഒന്നാം കൃഷി വിതയ്ക്കായി വെള്ളം വറ്റിക്കുന്നതിനിടെയാണ് വേലിയേറ്റം രൂക്ഷമായി പാടങ്ങളിലേക്ക് വെള്ളം ഇരച്ചെത്തിയത്. ഇതോടെ 28 ഷട്ടറുകൾ അടയ്ക്കുകയായിരുന്നു.

ഓരുമുട്ടുകൾ തീർക്കണം

മത്സ്യപ്രജനനത്തേയും നെൽകൃഷിയേയും എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിച്ചാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുക. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിനൊപ്പം ധാരാളം ഓരുമുട്ടുകളും അടയ്ക്കണം. തണ്ണീർമുക്കം ,തലയാഴം ,വൈക്കം തുടങ്ങിയ സ്ഥലങ്ങളിലെ ഓരുമുട്ടുകൾ യഥാസമയം ഇട്ടില്ലെങ്കിൽ തെക്കൻ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കും. വേലിയേറ്റ സമയത്ത് അടയ്ക്കാനും വേലിയിറക്കത്തിൽ തുറക്കാനും താത്കാലിക സംവിധാനം സജ്ജമാക്കിയെങ്കിലും ഇതു പ്രയോജനമായില്ല. നിരവധിയിടങ്ങളിലാണ് മടവീഴ്ചയുണ്ടായത്.

പകർച്ചവ്യാധി ആശങ്കയും

കായലിലെ വെള്ളം കടൽ എടുക്കാത്തതിനാൽ മാസങ്ങളായി വേമ്പനാട്ടുകായലിൽ ഒഴുക്കില്ലാതെ പായലും പോളയും നിറഞ്ഞുകിടക്കുകയാണ്. ബണ്ട് അടച്ചാൽ ജലമലിനീകരണം രൂക്ഷമായി എലിപ്പനി അടക്കം പകർച്ചവ്യാധികൾ വർദ്ധിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷമെങ്കിലും തുറന്നിടണം.

ഷട്ടറുകൾ: 90

''ബണ്ട് നേരത്തെ അടച്ചാൽ വേമ്പനാട്ടുകായലിൽ പായലും പോളയും നിറഞ്ഞു മലിനീകരണം രൂക്ഷമാകും. മത്സ്യ ലഭ്യതകുറയുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കും.

-ഡി.ബാബു (മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി)