
കോട്ടയം: '' മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശന പട്ടികയിൽ ശിവഗിരിയും ഉൾപ്പെട്ടിട്ടുണ്ട്. സന്ദർശനം മാർപ്പാപ്പ ഏറെ ആഗ്രഹിക്കുന്നതാണ്. എന്നാൽ ക്രിസ്തു ജനിച്ചിട്ട് 2025 വർഷം പൂർത്തിയാകുന്ന വർഷമാണ് . ഇന്ത്യാ സന്ദർശനത്തിന് കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണം. അത്രയും സമയമുണ്ടോയെന്നതാണ് വെല്ലുവിളി. ആരോഗ്യം അനുവദിച്ചാൽ 2026നുള്ളിൽ ഉറപ്പായും മാർപ്പാപ്പ എത്തും'' -കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. ജൻമനാട്ടിൽ എത്തിയതിന് ശേഷം കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു.
ശിവഗിരി മഠം സംഘടിപ്പിച്ച ലോക സർവമത സമ്മേളന ശേഷം മാർപ്പാപ്പ ആദ്യം ചോദിച്ചത് അവരെല്ലാം സന്തോഷമായാണോ മടങ്ങിയതെന്നായിരുന്നു. പിതാവിന് ഗുരു ദർശനങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. അങ്ങേയറ്റം സന്തോഷത്തോടെയാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സമ്മേളനം ആദ്യമായിരുന്നോ?
വിവിധ മതങ്ങളുടെ സമ്മേളനങ്ങൾ അസീസിയിൽ നടത്താറുണ്ട്. അതിൽ നിന്നൊക്കെ സർവമത സമ്മേളനം വേറിട്ടു നിന്നു. ക്ളീമിസ് പിതാവിന്റേയും റാഫേൽ തട്ടിൽ പിതാവിന്റെയും ഉൾപ്പെടെയുള്ള പ്രത്യേക താത്പര്യമാണ് അതിന് നിദാനമായത്. ഇത്രയും ആളുകളെ വിസയെടുത്ത് വത്തിക്കാനിലെത്തിക്കുക നിസാരമല്ല. ഇതിനായി പ്രത്യേകമൊരു വൈദികനെയും നിയോഗിച്ചിരുന്നു.
ശിവഗിരിയിലേയ്ക്കുള്ള ക്ഷണം
മാർപ്പാപ്പ സ്വീകരിച്ചോ ?
ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്ക് മതസൗഹാർദ്ദത്തിന്റെ തലവുമുണ്ട്. മാർപ്പാപ്പ ഇപ്പോൾ വീൽച്ചെയറിലായതിനാൽ യാത്രകൾ പരിമിതപ്പെടുകയാണ്. മറ്റ് രാജ്യങ്ങളിലൊക്കെ തലസ്ഥാനളെത്തെത്തി ആളുകളെ കാണുകയാണ് പതിവ്. ഇന്ത്യ പോലൊരു രാജ്യത്ത് അത് സാദ്ധ്യമല്ല. സാഹചര്യങ്ങൾ ഒത്തുവന്നാൽ ശിവഗിരിയിൽ മാർപ്പാപ്പ എത്തും.
അങ്ങയുടെ അഭിഷേകം രാജ്യവും ആഘോഷിച്ചല്ലോ?
പ്രധാനമന്ത്രി എക്സിൽ ട്വീറ്റ് ചെയ്തു. പ്രതിനിധി സംഘത്തെ അയച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശമയച്ചു. ഭാരതീയനെന്ന നിലയിൽ മകനോടെന്നപോലെയുള്ള പെരുമാറ്റമുണ്ടായി. മത, രാഷ്ട്രീയ വ്യത്യാസത്തിന് അതീതമായി എന്നെ നാടേറ്റെടുത്തത് വത്തിക്കാൻ വിസ്മയത്തോടെയാണ് കണ്ടത്. മറ്റൊരു രാജ്യത്തിൽ നിന്നും ഇത്രയും വലിയ പ്രതിനിധി സംഘം വത്തിക്കാനിൽ എത്തിയിരുന്നില്ല.
ബി.ജെ.പി സഭയോട് അടുക്കുന്നതിനെ എങ്ങനെ കാണുന്നു?
മതസൗഹാർദ്ദവും സാമൂഹിക സൗഹാർദ്ദവുമൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലേ.. മോദി എന്റെ പ്രധാനമന്ത്രിയാണ്. അത് മനസിലാകണമെങ്കിൽ വിദേശ രാജ്യത്ത് കഴിയണം.
പുതിയ നിയോഗത്തെ എങ്ങനെ കാണുന്നു
പൗവത്തിൽ പിതാവിനൊപ്പമാണ് റോമിൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ ആദ്യമായി നേരിൽക്കാണുന്നത്. ഏതെങ്കിലും ഇടവകയിൽ പാവപ്പെട്ടവരെ സഹായിച്ച് കഴിയാനാണ് ആഗ്രഹിച്ചത്. എന്നാൽ പിതാവിന്റെ ഉപദേശങ്ങളാണ് എന്നെ നയിച്ചത്. എല്ലാം പിതാവിനാണ് സമർപ്പിക്കുന്നത്.