neerozhukku

പോളയും പുല്ലും നിറഞ്ഞു, കർഷകർക്ക് തിരിച്ചടി

തലയോലപ്പറമ്പ് : നിറയെ പുല്ലും പായലും മാലിന്യവും... നാട്ടുതോട് ജീവനറ്റ നിലയിലായതോടെ ഒരുപ്രദേശത്തെയാകെ നെൽകർഷകരുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. പാടശേഖരങ്ങളിലേക്ക് വെള്ലം എത്തിക്കാൻ പോലും കഴിയാത്ത അവസ്ഥ. തലയോലപ്പറമ്പ് പഞ്ചായത്തിലെ ആലങ്കേരി, കോലത്താർ, നടുക്കരി ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ ജലമെത്തിച്ചിരുന്നത് നാട്ടുതോട്ടിൽ നിന്നാണ്. തോട്ടിലെ നീരൊഴുക്കു നിലച്ചത് നെൽകൃഷി പ്രതിസന്ധിയിലാക്കി. വിളവ് നന്നേ കുറഞ്ഞു. നാലു കിലോമീ​റ്ററോളം വരുന്ന തോടിന്റെ ഭാഗം കാടുമൂടിയ അവസ്ഥയിലുള്ളത്. പുഴയിൽ നിന്ന് പാടശേഖരങ്ങളിലേയ്ക്ക് വെള്ളമൊഴുകിയെത്തുന്ന ചന്തതോട്ടിലും പുല്ലുകയറി.

ഉടൻ ആഴം കൂട്ടണം

മൂവാ​റ്റുപുഴയാറിൽ നിന്ന് ആരംഭിച്ച് കരിയാറുമായി സംഗമിച്ച് എഴുമാംകായലിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന ജലാശയത്തിന്റെ ആഴംകൂട്ടണമെന്നാണ് ആവശ്യം. തലയോലപ്പറമ്പ് പഞ്ചായത്തും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും തോട്ടിലെ നീരൊഴുക്കു ശക്തമാക്കാൻ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ആലങ്കേരി പാടശേഖര സമിതി പ്രസിഡന്റ് ജോസ് ജോസഫ്, സെക്രട്ടറി ആർ.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

ആലങ്കേരി പാടശേഖരം: 385 ഏക്കർ

കോലത്താർ: 115 ഏക്കർ
നടുക്കരി: 110 ഏക്കർ

സ്ഥിതി വ്യത്യസ്തമല്ല

തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നുപോകുന്ന കുറുന്തറപ്പുഴയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. മാലിന്യ‌ം നിറഞ്ഞ് പുല്ലും പോളയും വളർന്ന അവസ്ഥയിലാണ്.