കുമരകം : വീട്ടില്ലാത്തവർക്ക് വീട് നൽകുന്ന കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന കുമരകത്ത് സി.പി.എം അട്ടിമറിക്കുകയാണന്ന് ബി.ജെ.പി ആരോപണം. നൂറ് കണക്കിനാളുകൾക്ക് പദ്ധതി പ്രകാരം വീട് നല്കുവാൻ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഉണ്ടായിട്ടും ലിസ്റ്റിലുള്ള ഗുണഭോക്താക്കളെ മുഴുവൻ ഈ കാര്യം അറിയിക്കാനോ അവരെ കണ്ടെത്താനോ യാതൊരു ശ്രമവും നടത്താതെ ഭരണകക്ഷിയായ സി.പി.എം പദ്ധതിക്ക് തുരങ്കം വെയ്ക്കുകയാണെന്നാണ് ബി.ജെ.പി അംഗങ്ങൾ കുറ്റപ്പെടുത്തി. വളരെ വിപുലമായി നടത്തേണ്ട 2024, പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമം കഴിഞ്ഞ ദിവസം നടത്തിയത് വളരെ പ്രഹസനമായാണ്. ബാനറിൽ പ്രധാന മന്ത്രിയുടെ ഫോട്ടോ പോലും വെയ്ക്കാതെ, സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള പദ്ധതിയെന്ന പേരിലാണ് പി.എം.എ.വൈയെ സംഗമത്തിൽ പ്രസിഡന്റ്‌ അവതരിപ്പിച്ചതെന്നും ബി.ജെ.പി അംഗങ്ങളായ വി.എൻ ജയകുമാർ, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവർ കുറ്റപ്പെടുത്തി.