
വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ 28 ന് പുറപ്പെടുന്ന പത്താമത് ശിവഗിരി തീർത്ഥാടന പദയാത്ര രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. മന്നം ജയന്തി സമ്മേളന വേദിയിലേയ്ക്കുള്ള ക്ഷണം ചർച്ചയായതിന് പിന്നാലെയാണ് യോഗത്തിന്റെ വേദിയിലും ചെന്നിത്തല എത്തുന്നത്.
പ്രബലമായ രണ്ട് സമുദായങ്ങളുടേയും പ്രധാന ചടങ്ങിന്റെ ഭാഗമായതോടെ കോൺഗ്രസിൽ ചെന്നിത്തല വീണ്ടും ശക്തനാകുന്നതിന്റെ സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്. 28 ന് രാവിലെ 9 ന് ആശ്രമം ഹൈസ്‌കൂൾ അങ്കണത്തിൽ നിന്നാണ് പദയാത്ര പുറപ്പെടുന്നത്. പദയാത്ര ക്യാപ്ടൻ പി.വി ബിനേഷിന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ധർമ്മ പതാക കൈമാറും.