
കോട്ടയം : സ്വത്തുതർക്കത്തെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കരിമ്പനാൽ ജോർജ് കുര്യന് (പാപ്പൻ-52) ഇരട്ട ജീവപര്യന്തം. ഇതിനുപുറമേ,എട്ടു വർഷവും മൂന്നു മാസവും അധിക തടവ്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. അധിക തടവ് അനുഭവിച്ചുതീർന്നശേഷമേ ഇരട്ടജീവപര്യന്തം തുടങ്ങുകയുള്ളുവെന്ന് കോട്ടയം അഡിഷണൽ സെഷൻസ് ജഡ്ജി ജെ. നാസർ വിധിന്യായത്തിൽ വ്യക്തമാക്കി. കുറഞ്ഞത് 22 വർഷം തടവറയിൽ കഴിയേണ്ടിവരും.
സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു - 78) എന്നിവരെയാണ് കുടുംബവീട്ടിൽവച്ചുണ്ടായ തർക്കത്തിനിടെ കൊലപ്പെടുത്തിയത്.2022 മാർച്ച് ഏഴിനായിരുന്നു സംഭവം.
കൊലപാതകം (302), വീട്ടിൽ അതിക്രമിച്ച് കടക്കൽ (449), തോക്കുചൂണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തൽ (506 (2), ആയുധ നിയമം 30 എന്നീ വകുപ്പുകളിലാണ് ശിക്ഷ. ഇരട്ടക്കൊലപാതകത്തിനാണ് ഇരട്ടജീവപര്യന്തം. ആയുധം കൈവശംവച്ചതിന് ആറുവർഷവും, സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷവും ആയുധ നിയമമനുസരിച്ച് മൂന്നുമാസവുമാണ് തടവ്. പിഴത്തുക രഞ്ജുകുര്യന്റെ കുടുംബത്തിന് നൽകണം. പിഴത്തുക വേണ്ടെന്ന് മാത്യു സ്കറിയയുടെ മക്കൾ വ്യക്തമാക്കിയിരുന്നു. പിഴ കെട്ടിവച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.
റിയൽ എസ്റ്റേറ്റ് തകർന്നു,
കുടുംബ സ്ഥലം ചോദിച്ചു
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോർജ് കുര്യന് നഷ്ടം വന്നതോടെ കുടുംബവകയിൽ നിന്ന് 2.33 ഏക്കർ സ്ഥലം പിതാവിനോട് ചോദിച്ചിരുന്നു. ഇവിടെ വീടുകൾ നിർമ്മിച്ച് വിൽക്കാനായിരുന്നു പദ്ധതി. എന്നാൽ രണ്ടേക്കർ നൽകിയാൽ മതിയെന്ന നിലപാടിൽ സഹോദരൻ രഞ്ജു ഉറച്ചുനിന്നു. മുഴുവനും കൊടുത്താൽ കുടുംബ വീടിനോട് ചേർന്ന് ഹൗസിംഗ് കോളനിയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. മാത്യു സ്‌കറിയയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ച നടക്കവേ വിദേശ നിർമിത റിവോൾവർകൊണ്ട് വെടിവയ്ക്കുകയായിരുന്നു.
2023 ഏപ്രിൽ 24 നാണ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്.ശിവൻ എന്നിവർ ഹാജരായി.
തോക്കല്ല പരിഹാരം...
കണ്ണീരോടെ പെൺമക്കൾ
`തോക്കുകൊണ്ടല്ല ഒന്നും പരിഹരിക്കേണ്ടത്. ഞങ്ങൾ അനുഭവിക്കുന്ന വേദന എന്താണെന്ന് എത്ര പറഞ്ഞാലും ആർക്കും മനസിലാവില്ല. 78 വയസുള്ളയാളെയാണ് അതിക്രൂരമായി കൊന്നത്.ഞങ്ങളുടെ അമ്മയുടെ അവസ്ഥ സങ്കടകരമാണ്'-വിധി കേൾക്കാനെത്തിയ മാത്യുവിന്റെ പെൺമക്കളായ അന്നു മാത്യുവും അഞ്ജു മാത്യുവും കണ്ണീരോടെ പറഞ്ഞു. നീതി കിട്ടി. വിചാരണ തുടങ്ങിയപ്പോൾ മുതൽ അന്നുവും അഞ്ജുവും പതിവായി കോടതിയിൽ എത്തിയിരുന്നു. നാലു പെൺമക്കളാണ് ജോർജിനുള്ളത്.