gorge

കോട്ടയം : കോടീശ്വരനായി ജനിച്ചിട്ടും അത്യാർത്തിയാണ് കരിമ്പനാൽ ജോർജ് കുര്യനെ (പാപ്പൻ-52) അഴിയെണ്ണിച്ചത്. ബിസിനസിലെ തകർച്ചയിലുണ്ടായ കടം പാപ്പനെ സംബന്ധിച്ച് നിസാരമായിരുന്നെങ്കിലും കുടംബസ്വത്തിൽ വീണ്ടും കണ്ണുവച്ചുള്ള ഗൂഢാലോചനയാണ് രക്തബന്ധം പോലും മറക്കാൻ കാരണമായത്. അമ്മാവൻ മാത്യു സ്കറിയയുടെ പെൺമക്കൾ അവസാനം വരെ പോരാടിയതാണ് പാപ്പന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചത്. കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന പാപ്പന് എട്ടു കോടിയോളം രൂപയായിരുന്നു കടം. എന്നാൽ കടത്തിന്റെ നാലിരട്ടി സ്വത്തുക്കളുണ്ടായിട്ടും വീണ്ടും കുടുംബ സ്വത്തിനായി പിതാവിനോട് സമ്മർദ്ദം ചെലുത്തി. കുടുംബവീടിനോടു ചേർന്നുള്ള 2.33 ഏക്കറിലായിരുന്നു നോട്ടം. ഇവിടെ വീടുകൾ വച്ചു വിറ്റ് കടം തീർക്കാനായിരുന്നു പദ്ധതി. എന്നാൽ വഴിയടക്കം വരുന്ന 33 സെന്റ് ഒഴിച്ചിട്ടില്ലെങ്കിൽ വീടിനോട് ചേർന്ന് ഹൗസിംഗ് കോളനിയാകുമെന്ന് ചൂണ്ടിക്കാട്ടി രഞ്ജു തടഞ്ഞതാണ് ക്രൂര കൊലപാകത്തിലേയ്ക്ക് നയിച്ചത്. 33 സെന്റിൽ വഴിക്കുള്ള സ്ഥലംകൂടി കിഴിച്ചാൽ ആകെ 15 സെന്റ് സ്ഥലമേ വരൂ. ഇതിന്റെ പേരിലായിരുന്നു പാപ്പന്റെ ഇരട്ടക്കൊല.

കണക്കുകൂട്ടൽ പാളി

കുടുംബവീട്ടിൽ താമസിക്കുന്ന രഞ്ജുവിനെയും അധികാരമുള്ള കാരണവരായ മാത്യു സ്കറിയെയും കൊന്നാൽ കാര്യങ്ങളെല്ലാം തന്റെ വരുതിയിലാകുമെന്നായിരുന്നു പാപ്പന്റെ കണക്കുകൂട്ടൽ. ആദ്യം അറസ്റ്റുണ്ടായാലും ജാമ്യത്തിലിറങ്ങി സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെടാമെന്നും കരുതി. എന്നാൽ പണവും സമയവും മുടക്കി കേസിന്റെ തുടക്കം മുതൽ മാത്യു സ്കറിയയുടെ പെൺമക്കൾ ഒപ്പം നിന്നു. സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചതോടെ പാപ്പന് പുറത്തിറങ്ങാനായില്ല. മാതാവും മറ്റു ബന്ധുക്കളും ഉൾപ്പെടെ കൂറുമാറിയിട്ടും ഇവരുടെ ജീവനക്കാരെ ഒപ്പം നിറുത്താനായി. രഞ്ജുവിന്റെ മരണത്തോടെ എസ്റ്റേറ്റ് കാര്യങ്ങൾ നോക്കി നടത്താൻ കഴിയാതെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്.

പാപ്പൻ മനസിൽ കണ്ടത്

മാതാപിതാക്കളെ സ്വാധീനിച്ച് കൂടുതൽ സ്വത്ത് കൈക്കലാക്കാം

രഞ്ജുവിന്റെ ഭാര്യയേയും ചെറിയ കുട്ടികളെയും പിന്നീട് ഒഴിവാക്കാം

പാപ്പന്റെ രണ്ട് ആൺമക്കളും പ്രായപൂർത്തിയായവരായതിനാൽ കാര്യങ്ങൾ എളുപ്പം

ചിരിച്ച് കുശലം പറഞ്ഞ്
എന്താകും വിധിയെന്ന് പ്രതീക്ഷിപോലെയായിരുന്നു ജോർജ് കുര്യന്റെ കോടതിയിലെ പെരുമാറ്റം. വിധിയറിയാനെത്തിയപ്പോഴുണ്ടായിരുന്ന അതേ ചിരിയ്ക്ക് വിധി കേട്ടശേഷവും മാറ്റമില്ലായിരുന്നു. പൊലീസുകാരേയും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും അഭിവാദ്യം ചെയ്തു. വിധികേൾക്കാനെത്തിയ മകനെ അരികിൽ ചേർത്തിരുത്തി ഏറെനേരം സംസാരിച്ചു.