vinayak

പാലാ : ''ആ നക്ഷത്രത്തിന്റെ വെളിച്ചം ഇന്നും എന്റെ കൺമുന്നിലുണ്ട്. ഇനിയെത്ര വർഷം കഴിഞ്ഞാലും അതു മായുമെന്നും തോന്നുന്നില്ല. ഇത്രയും സന്തോഷത്തോടെ പിന്നെയൊരിക്കലും ഞങ്ങൾ ക്രിസ്‌മസ് ആഘോഷിച്ചിട്ടില്ല. പിന്നെയൊരിക്കലും അത്തരമൊരു ക്രിസ്‌മസ് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല...'' വിനായക് നിർമ്മൽ എന്ന എഴുത്തുകാരന്റെ 'ആ നക്ഷത്രം ഇന്നും മിന്നുന്നു' എന്ന ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് ചീന്തിയെടുത്ത ഏടായിരുന്നു ആ ലേഖനം. വിനായക് നിർമ്മൽ നൂറിൽപരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നോവലുകളും ചെറുകഥകളുമുൾപ്പെടെ ആയിരത്തോളം കഥകൾ എഴുതിയിട്ടുണ്ട്. അത്രതന്നെ ലേഖനങ്ങളും. കഥയായാലും നോവലായാലും ലേഖനമായാലും എഴുത്തുകാരന്റെ എല്ലാ രചനകളിലും ക്രിസ്‌മസ് അറിഞ്ഞോ അറിയാതെയോ വിഷയമാകും. ആദ്യ പുസ്തകമായ പുതിയ കീർത്തനങ്ങൾ ആരംഭിക്കുന്നതുതന്നെ ക്രിസ്‌മസ് രാത്രിയുടെ പശ്ചാത്തലത്തിലാണ്. ഒരു ക്രിസ്‌മസ് ദിനത്തിൽ, ഹാപ്പി ക്രിസ്മസ്, മറിയത്തിന്റെ ക്രിസ്‌മസ്, വെറുതെ, ഒരാൾ മാത്രം എന്നിവയാണ് ക്രിസ്‌മസിന്റെ പശ്ചാത്തലത്തിൽ വിനായക് നിർമ്മൽ എഴുതിയിരിക്കുന്ന പ്രധാന കൃതികൾ. നക്ഷത്രരാവുകൾ, നിന്റെ പിറവിക്കായ് എന്നിങ്ങനെ ക്രിസ്തുമസുമായി ബന്ധപ്പെട്ട് രണ്ടുപുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ക്രിസ്‌മസിനെ പശ്ചാത്തലമായി ഈ വർഷം തന്നെ മൂന്നു കഥകളും രണ്ടു ലേഖനങ്ങളും എഴുതിയിട്ടുണ്ട്. എസ് എച്ച് മീഡിയായ്ക്കുവേണ്ടി ''ദി നൈറ്റ് ബിഫോർ'' എന്ന ഷോർട്ട് ഫിലിമും ''ഇതുപോലൊരു രാവ്'' എന്ന കരോൾഗാനവും ഈ വർഷം പുറത്തിറങ്ങി.


മനസ് നിറയെ ക്രിസ്‌മസ്.

മുതിർന്നതിനു ശേഷമുള്ള ക്രിസ്‌മസിനെക്കാൾ വല്ലായ്മകളും ഇല്ലായ്മകളും നിറഞ്ഞ കുട്ടിക്കാലത്തെ ക്രിസ്‌മസാണ് തന്റെ മനസ്സ് നിറയെ എന്ന് വിനായക് നിർമ്മൽ പറയുന്നു. വിനായക് നിർമ്മലിന്റെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇളയമകൻ യോഹൻ ജോസഫ് ബിജുവും എഴുത്തുകാരനാണ്. പത്താംക്ലാസുകാരൻ ഫ്രാൻസീസ് ലിയോയാണ് മൂത്തമകൻ. പാലാ സെന്റ് തോമസ് ടി.ടി.ഐയിലെ അദ്ധ്യാപിക ഷീജയാണ് ഭാര്യ.


ക്രിസ്‌മസ് നക്ഷത്ര വിളക്കിന് ചുവട്ടിൽ എഴുത്തുകാരൻ വിനായക് നിർമ്മൽ