acd

കോട്ടയം : റോഡുകൾ നവീകരിച്ചത് വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങൾക്ക് പരിഹാരമായില്ല. അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണ്. ഏറെയും ചെറുപ്പക്കാർ. ഈ വർഷം ഇതുവരെ 225 പേരാണ് മരിച്ചത്. ജീവിതത്തിലേക്ക് തിരികെ എത്താൻ കഴിയാതെ ചികിത്സയിൽ കഴിയുന്നവരുമേറെ. നിയമലംഘനം പിടിക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്നലെ പള്ളത്ത് ഉണ്ടായ അപകട മരണത്തിന് കാരണം ഡ്രൈവർ ഉറങ്ങിയതായിരുന്നു. ഏറ്റവും കൂടുതൽ അപകടം നടന്നത് എം.സി.റോഡിലാണ്. ലഹരി ഉപയോഗിച്ച് അമിത വേഗമുണ്ടാക്കിയ അപകടം മുതൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചുണ്ടായ അപകടം വരെയുണ്ട്. ഗൂഗിൾ വഴി തെറ്റിച്ച് കുമരകത്ത് തോട്ടിൽ വീണ് രണ്ട് പേർ മരിച്ചപ്പോൾ കുറുപ്പന്തറയിൽ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 12,506 കേസുകളാണ്. 55 ശതമാനം അപകടങ്ങളിലും മരണമടഞ്ഞത് ഇരുചക്രവാഹന യാത്രക്കാരാണ്. വാഹനമിടിച്ച് 55 കാൽനടയാത്രക്കാരും മരിച്ചു.

പദ്ധതി പരണത്ത് , പൊലിയുന്നു ജീവനുകൾ

എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാദ്ധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി പരണത്താണ്. അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം. പക്ഷേ, സിഗ്‌നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ പോലുമായില്ല. നാറ്റ്പാക് സംഘവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടി ഇല്ല.

ഈ വർഷം മരിച്ചത്: 225പേർ

 210 മരണങ്ങളും അശ്രദ്ധമൂലം

അപകടകാരണങ്ങൾ

 ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഉപയോഗം

വിശ്രമമില്ലാത്തത് മൂലം ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത്

വഴിവിളക്ക്, സൈൻബോർഡുകളുടെ അഭാവം

ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ

ഇവിടം അപകടമുനമ്പ്

ചിങ്ങവനം, പുത്തൻപാലം, കുറിച്ചി, തുരുത്തി, മുളങ്കുഴ, പാലാത്ര ബൈപ്പാസ്, കോടിമത ബൈപ്പാസ്, മണിപ്പുഴ, ഈരയിൽക്കടവ് ബൈപ്പാസ്, ബേക്കർ ജംഗ്ഷൻ, കുറവിലങ്ങാട്, പട്ടിത്താനം, മോനിപ്പള്ളി.

''റോഡ് നവീകരിച്ചാൽ മാത്രം പോരാ സുരക്ഷാ സംവിധാനവും ഒരുക്കാൻ തയ്യാറാകണം. ജനങ്ങളുടെ ജീവനാണ് പ്രധാനം. ഭീതിയോടെയാണ് കാൽനടയാത്രക്കാർ അടക്കം കടന്നുപോകുന്നത്.

സുരേഷ്, തുരുത്തി