
കോട്ടയം നഗരസഭ ശ്മശാനം തകരാറിലായി മാസമൊന്നായിട്ടും അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത നഗരസഭാധികൃതർ ഇപ്പോൾ കൈമലർത്തി പറയുന്നത് 'പഴകിയ രണ്ടു ബ്ലോവറും ബർണറും നന്നാക്കിയെടുക്കാൻ കുറഞ്ഞത് 35 ലക്ഷം രൂപയാകും. തങ്ങളുടെ കൈയ്യിൽ നയാ പൈസയില്ല. ചുരുങ്ങിയത് മൂന്നു മാസമെങ്കിലും എടുക്കും. ചുരുക്കത്തിൽ കോട്ടയം നഗരസഭയിൽ ആരു മരിച്ചാലും ഉറ്റവർക്ക് നെട്ടോട്ടമോടേണ്ട അവസ്ഥ. കോട്ടയത്ത് ആദ്യം ആരംഭിച്ചത് വൈദ്യുതി ശ്മശാനമായിരുന്നു. ഇടയ്ക്കിടെ കറണ്ട് പണിമുടക്കിയതോടെ ജനറേറ്റർ സ്ഥാപിച്ചു. അതും സ്ഥിരം കേടാകാൻ തുടങ്ങിയതോടെ പാചകവാതകമായി. ഒരേ സമയം രണ്ട് പേരെ സംസ്കരിക്കാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടും ഗുണനിലവാരം കുറവായതിനാൽ രണ്ടും കേടായി. പരിപാലന ചുമതലയുള്ള കമ്പനിയും പൂട്ടിപ്പോയി. കമ്മിഷൻ കിട്ടിയതിനാൽ പലർക്കും മിണ്ടാട്ടമില്ല. യന്ത്ര സാമഗ്രികൾ അടിക്കടി കേടാവുകയും നന്നാക്കാൻ ആളെ കിട്ടാതെ കമ്പനി പൂട്ടിപ്പോയെങ്കിൽ അതിന്റെ ഉത്തരവാദിത്വം സാധനം വാങ്ങിച്ചവർക്കാണ്. നഷ്ട പരിഹാരം അവരിൽ നിന്നാണ് ഈടാക്കേണ്ടത്. പ്രമുഖ സമുദായങ്ങൾക്ക് സ്വന്തമായി ശ്മശാനമുണ്ട്. ഇത് ഇല്ലാത്തവർക്കാണ് ബുദ്ധിമുട്ട്. ഏറ്റുമാനൂർ നഗരസഭ വക ശ്മശാനത്തെ ആശ്രയിക്കണം.
കോട്ടയംനഗരത്തിൽ കാര്യമായ ഒരുവികസനവും നടക്കുന്നില്ല. ഉണ്ടെന്ന് ചക്കളത്തി പോരാട്ടം നടത്തുന്ന ഭരണക്കാർ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. മരിച്ചാൽ ചീഞ്ഞഴുകും മുമ്പ് സംസ്കരിക്കാനുള്ള സൗകര്യം സ്വന്തമായി സ്ഥലമില്ലാത്തവർക്ക് നൽകേണ്ടത് നഗരവാസികളുടെ മിനിമം അവകാശമാണ്. മനുഷ്യാവകാശ പ്രശ്നമാണ്. അതു ചെയ്ത് കൊടുക്കാൻ നഗരം ഭരിക്കുന്നവർ ബാദ്ധ്യസ്ഥരുമാണ്. ഇന്നു ശരിയാകും നാളെ ശരിയാകുമെന്നു വെറും വാക്കു പറയാതെ ശരിയാകുന്നില്ലെങ്കിൽ പുതിയത് സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടത്. ഗ്യാസ് ഉപയോഗിച്ച് മൃതദേഹം പെട്ടെന്നു ദഹിപ്പിക്കുന്ന സ്വകാര്യ ഏജൻസികൾ ഇന്ന് ധാരാളമുണ്ട്. അതിന് ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.