
പൊൻകുന്നം: ഇങ്ങോട്ട് ആവശ്യപ്പെടണമെന്നില്ല. സാഹചര്യവും സന്ദർഭവും മനസിലാക്കി ആർക്ക് എന്ത് സഹായവും ചെയ്തുകൊടുക്കും. ഒരു ഹെൽപ്പ് അത്രതന്നെ.അതാണ് കാഞ്ഞിരപ്പള്ളി കോവിൽക്കടവ് ലൈനിൽ മണ്ണാംപറമ്പിൽ കെ.കെ.മുഹമ്മദ് കുഞ്ഞ് എന്ന മമ്മൂഞ്ഞ്.പക്ഷേ ഈ പേര് പറഞ്ഞാൽ മമ്മൂഞ്ഞിനെ ആർക്കും മനസിലാവില്ല. എന്നാൽ സഹായി എന്നുപറഞ്ഞാൽ എല്ലാവർക്കും അറിയാം.ആറാം വയസിൽ തുടങ്ങിയതാണ് നാട്ടുകാരെ സഹായിക്കൽ.അത് 75-ാം വയസിലും തുടരുന്നു. സാമ്പത്തിക സഹായം പ്രതീക്ഷക്കരുത്, അതിനുള്ള ശേഷി പാവം മമ്മൂഞ്ഞിനില്ല.തന്നാൽ കഴിയുന്ന സഹായം ആർക്കും ചെയ്തുകൊടുക്കും.അതാണ് സഹായി.1969 മുതൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൻ ടാക്സി ഡ്രൈവറായി ജോലി തുടങ്ങിയതോടെയാണ് സഹായി എന്ന പേര് ലഭിച്ചത്. ഇപ്പോൾ പൊൻകുന്നത്ത് ആർ.ടി.ഓഫീസിൽ വരുന്നവർക്ക് വാഹന സംബന്ധമായ നികുതി അടയ്ക്കൽ, പേര് മാറ്റം ,വാഹനങ്ങളുടെ കൈമാറ്റം, ഡ്രൈവിംഗ് ലൈസൻസ് എടുക്കൽ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ചെയ്തുകൊടുക്കുന്നു. ചെറിയ ഫീസ് ഈടാക്കും... ബാക്കി സഹായം. അങ്ങനെ സ്വന്തം പേരിന് പകരം സഹായി എന്ന പേര് പതിഞ്ഞു. ഇപ്പോൾ സ്ഥലം പാട്ടത്തിനെടുത്ത് കപ്പ, വാഴ, ചേന, തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്.മുഹമ്മദ് കുഞ്ഞിന്റെ പാത പിൻതുടർന്ന് മൂത്ത മകൻ അബ്ദുൽ സമദ് സഹായി അട്ടിക്കൽ ജംഗ്ഷനിൻ സർവ്വീസ് സെൻറ്റർ എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഹൗവ്വാ ബീവിയാണു മുഹമ്മദുകുഞ്ഞിന്റെ ഭാര്യ. അബു ബേക്കർ സിദിഖ്, അഫ്സൽ ഖാൻ ,മുഹമ്മദ് ഹനീഫ് എന്നിവരാണ് മറ്റു മക്കൾ.