എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. വടകര സ്വദേശി പ്രദീപ് (47) നാണ് പരിക്കേറ്റത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പേരൂർത്തോട്ടിലാണ് സംഭവം.കാർ തിട്ടയിൽ ഇടിച്ച ശേഷം റോഡിൽ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ അംഗങ്ങൾ പ്രദീപിനെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.