കോട്ടയം: വനനിയമം ഭേദഗതിചെയ്യാനുള്ള കരട് വിജ്ഞാപനത്തിനെതിരെ അണികളും, ക്രൈസ്തവസഭയും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കേരള കോൺഗ്രസ് (എം). തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കെ സഭാനിലപാട് പാർട്ടിക്ക് ദോഷമാകുമെന്ന് കണ്ടാണിത്. ഒപ്പം മുന്നണിമാറ്റ ചർച്ചവരെ അണികൾക്കിടയിൽ ശക്തമാകുന്നത് മനസിലാക്കിയാണ് ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ പാർലമെന്ററി പാർട്ടി നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ തയ്യാറായത്.
അതിനിടെ വനം കൈയേറ്റക്കാരാണ് വിജ്ഞാപനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ വിമർശനത്തിലും നേതാക്കൾ അമർഷത്തിലാണ്. കരട് വിജ്ഞാപനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് കേരള കോൺഗ്രസ് എമ്മാണെന്ന് ജോസ് കെ.മാണി പറഞ്ഞു. ആ നിലപാടിൽ മാറ്റമില്ല. പാർട്ടിയുടെ അതൃപ്തി മുഖ്യമന്ത്രിയെയും ഇടതുമുന്നണി നേതാക്കളെയും അറിയിക്കും. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
.