crnival

കോട്ടയം:കൊച്ചിൻ കാർണിവൽ മാത്രമല്ല.... ഇങ്ങ് പാമ്പാടിയിലുമുണ്ട് കാർണിവൽ. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി വത്തിക്കാൻ കാർണിവലും ഒരുങ്ങിക്കഴിഞ്ഞു. കൈരളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബാണ് സൗത്ത് പാമ്പാടി വത്തിക്കാൻ തോട്ടിലെ നാല് ദിവസത്തെ കാർണിവലിന് പിന്നിൽ. തോടിന്റെ ദൃശ്യചാരുതയും ക്രിസ്മസ് തീമിനോട് ചേർത്ത് ഒരുക്കിയാണ് കാർണിവൽ ക്രമീകരണം.


വിസ്മയ കാഴ്ചകൾ
തോടിന്റെ ഇരുകരകളിലെ ദീപാലങ്കാരങ്ങളാണ് പ്രധാന ആകർഷണം. തോടിന്റെ മദ്ധ്യഭാഗത്തായി മുളത്തടികളും ഈന്തിന്റെ ഓലകൊണ്ടും അഞ്ച് അടി ഉയരത്തിലും പത്തടി വീതിയിലുള്ള പുൽക്കൂട്. 21 അടി ഉയരത്തിലുള്ള നക്ഷത്രവും 15 അടി ഉയരമുള്ള സാന്താക്ലോസും കാർണിവലിനെ ആകർഷകമാക്കും.

തോട്ടിൽ അരയന്നങ്ങളുടെ മാതൃക. ട്രെയിനിലും, കലമാൻ തേരിലും സഞ്ചരിക്കുന്ന സാന്താക്ലോസ്... കാഴ്ചകൾ നീളുകയാണ്.

മറക്കേണ്ട, 26 വരെ:
26 വരെ വൈകിട്ട് 6 മുതൽ രാത്രി പത്ത് വരെയാണ് ക്രിസ്മസ് കാഴ്ചകൾ കാണാൻ അവസരം. ബജ്ജി, പോപ്‌കോൺ, ഐസ്‌ക്രീം തുടങ്ങിയവയും ആസ്വദിക്കാം. അൻപതോളം ആളുകൾ ചേർന്ന് ഒരാഴ്ചകൊണ്ടാണ് കാർണിവലും കാഴ്ചകളും ഒരുക്കിയത്.

എങ്ങനെ എത്താം


ആലാംപള്ളി കുറ്റിക്കൽ പള്ളിപ്പടിയിൽ നിന്നും 800 മീറ്ററും തോട്ടക്കാട് ആശുപത്രി ജംഗ്ഷനിൽ നിന്നും കുറ്റിക്കൽ റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് വത്തിക്കാനിലെത്തിച്ചേരാം. ചങ്ങനാശേരിയിൽ നിന്നും മാന്തുരുത്തിയിൽ വഴി രണ്ടുകിലോമീറ്റർ സഞ്ചരിച്ച് ഇവിടെയെത്താം.