കുമരകം : ഇന്ത്യയിലെ എണ്ണം പറഞ്ഞ കബഡി ടീമുകളെ കുമരകത്തെ കായിക പ്രേമികൾക്ക് പരിചയപ്പെടുത്തിയ മിറാഷ് സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബ് ദക്ഷിണേന്ത്യൻ കബഡി മേളയുമായി വീണ്ടും അങ്കത്തട്ടിലേക്ക്. ഫെബ്രുവരി, ഒന്ന് , രണ്ട് തീയതികളിലാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ പുരുഷ- വനിതാ ടീമുകൾക്കൊപ്പം തമിഴ്നാട് ടീമുകളും ഇക്കുറി പോരിനിറങ്ങും. ജനുവരി 31ന് സംഘടിപ്പിക്കുന്ന കായിക പ്രതിഭാ സംഗമം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. ദേശീയ-സംസ്ഥാന - ജില്ലാതലത്തിൽ മികവു തെളിയിച്ച കുമരകത്തെ കായിക താരങ്ങളെയാണ് ആദരിക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടക സമിതി ഭാരവാഹികളായ പി.ഐ എബ്രഹാം, ജനറൽ കൺവീനർ കെ മിഥുൻ, മിറാഷ് പ്രസിഡന്റ് കെ ജി ഷാലു, സെക്രട്ടറി കെ.ജി ബിനു, ട്രഷറർ സിബി ജോർജ് എന്നിവർ അറിയിച്ചു. ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവ്വഹിക്കും. ചന്തക്കവലയിൽ കരിവേലിൽ ബിൽഡിങ്‌സിലാണ് ഓഫീസ് പ്രവർത്തനം. മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.