pothu

ഡ്രൈവർക്ക് പരിക്ക്

മുണ്ടക്കയം : മുണ്ടക്കയം - കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ തേക്ക് കൂപ്പിൽ ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു. ഡ്രൈവർ കുംഭകോണം സ്വദേശി മണികണ്ഠന് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പഴയ പനക്കച്ചിറ പാലത്തിന് സമീപം റോഡിലേക്ക് കാട്ടുപോത്ത് ഓടിയിറങ്ങിയപ്പോൾ കാറിൽ ഇടിക്കുകയായിരുന്നു. കാർ മൂന്നു തവണ റോഡിൽ വട്ടം മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാട്ടുപോത്ത് ഒരു മണിക്കൂറോളം റോഡിൽ കിടന്നു. വനപാലകരെത്തി കാലുകൾ കയർ ഉപയോഗിച്ച് ബന്ധിച്ചു. തുടർന്ന് വെള്ളം നൽകിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞതോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
പ്രദേശത്ത് രണ്ട് വർഷത്തോളമായി കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുണ്ട്. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടകരെ സത്രം കാനനപാതയിൽ ഇറക്കിയ ശേഷം ഇവരെ വിളിക്കാനായി പമ്പയ്ക്ക് പോകുകയായിരുന്നു കാർ. ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് പാതയിൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മുണ്ടക്കയം പൊലീസും, വണ്ടൻപതാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.കാട്ടുപോത്തിന്റെ ജഡം പോസ്റ്റ്മോർട്ടത്തിനുശേഷം വനത്തിൽ സംസ്കരിച്ചു.

പൊറുതിമുട്ടി മലയോരം

മലയോരമേഖലയിൽ വന്യമൃഗശല്യം തുടർക്കഥയായതോടെ പൊറുതിമുട്ടുകയാണ് പ്രദേശവാസികൾ. പുലി മുതൽ കാട്ടുപന്നി വരെ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞവർഷം കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. പമ്പാവാലി, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, വണ്ടൻപതാൽ, കണമല, എരുമേലി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം ഇവയുടെ രൂക്ഷമാണ്. ആദിവാസികൾ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വന്യമൃഗങ്ങളെ ഭയന്ന് രാത്രികാലങ്ങളിൽ വീടുവിട്ടു പേകേണ്ട സാഹചര്യമാണ്. ആറുമാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ മാത്രം പരിക്കേറ്റത് 14 പേർക്കാണ്. തോട്ടം തൊഴിലാളികളടക്കം ഭീതിയോടെയാണ് പുലർച്ചെ പണിയ്ക്ക് പോകുന്നത്.

കണ്ണിൽ പൊടിയിടാൻ നഷ്ടപരിഹാരം

വനമേഖലയിൽ സുരക്ഷയൊരുക്കുന്നതിൽ വനംവകുപ്പ് കാട്ടുന്ന കടുത്ത അനാസ്ഥയ്‌ക്കെതിരെ വൻപ്രതിഷേധമാണുയരുന്നത്. വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി ബാദ്ധ്യത തീർക്കുകയാണെന്നാണ് പരാതി. കുടുംബത്തിന് തുടർസഹായവും ജോലിയും ഉറപ്പ് നൽകുന്നതല്ലാതെ പാലിക്കുന്നില്ല. വനംവകുപ്പിൽ താത്കാലിക വാച്ചർ നിയമനം പോലെ അപകടകരമായ തൊഴിലാണ് മൃഗങ്ങളുടെ ഇരയാകുന്നവരുടെ പെൺമക്കൾക്കുവരെ വാഗ്ദാനം ചെയ്യുന്നത്‌