പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 27ന് കോളജ് മൈതാനത്ത് ആഗോള പൂർവവിദ്യാർഥിസംഗമം നടത്തുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ്, അലംനൈ അസോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പൻ, സെക്രട്ടറി ഡോ.സാബു ഡി.മാത്യു, ജനറൽ കൺവീനർ ഡോ.ആശിഷ് ജോസഫ്, വി.എം.അബ്ദുള്ളഖാൻ, സോണി മാത്യു നെല്ലിയാനി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

27ന് രാവിലെ 11.30ന് മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് പതാക ഉയർത്തും.ഉച്ചകഴിഞ്ഞ് 2ന് കോളേജ് കാമ്പസിലെ വ്യത്യസ്തയിടങ്ങളിലായി വിവിധ ബാച്ചുകളുടെ ഒത്തുചേരലോടെ സതീർഥ്യരുടെ കൂട്ടായ്മ ഒരു വട്ടം കൂടി നടക്കും. മുൻ മാനേജർമാർ, മുൻ പ്രിൻസിപ്പൽമാർ, ഉന്നത സ്ഥാനത്തെത്തിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ആദരിക്കുന്ന ആർപ്പ് എന്ന ചടങ്ങിന് 3.30 ന് സോണി ടിവി റിയാലിറ്റിഷോ സൂപ്പർ സ്റ്റാർ സിങ്ങർ ജേതാവ് ആവിർഭവ് ആരംഭം കുറിക്കും. സുപ്രീം കോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നിർവഹിക്കും. പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ.ഡോ.ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിക്കും.

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ഡോ.ടി.കെ.ജോസ്, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ അംഗം അഗസ്റ്റിൻ പീറ്റർ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ഗിരിജ ആർ, ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ,മുൻ ഐ.ജി ജോസ് ജോർജ്‌, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിക്കും. 5ന് പൊതുസമ്മേളനം ആരംഭിക്കും.

കോളേജ് രക്ഷാധികാരി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ മുഖ്യസന്ദേശം നൽകും. മാർ ജോസഫ് പള്ളിക്കാപറമ്പിൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കും. കോളജ് ആദ്യ ബാച്ച് വിദ്യാർത്ഥിയും സെന്റ് തോമസ് കോളജ് രസതന്ത്ര വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഏ.വി.ആന്റണിയും ആദ്യബാച്ചിലെ പി.എം തോമസ് പതിയിലും ചേർന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, സ്വാമി കൈവല്യാനന്ദ, എം.പിമാരായ ഫ്രാൻസീസ് ജോർജ്, ആന്റോ ആന്റണി, ജോസ് കെ.മാണി, മാണി സി.കാപ്പൻ എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.6.45 ന് കലാസന്ധ്യ.