
തലയോലപ്പറമ്പ് : പൊതിയിലെ പലചരക്ക് വ്യാപാരിയെ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതികൾ റിമാൻഡിൽ. തലയോലപ്പറമ്പ് പാലാംകടവ് വൈപ്പേൽ മിഥുൻ (37), പൊതി ചക്കുംകുഴിയിൽ നിഖിൽ (37), ) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. റെയിൽവേ മേൽപ്പാലത്തിന് സമീപം പലചരക്ക് കട നടത്തുന്ന തലപ്പാറ തുരുത്തേൽ ജോയി (61) നാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ഓടെയാണ് സംഭവം. പൊതി കള്ളുഷാപ്പിന് സമീപം മീൻ തട്ട് ഇട്ട് വില്പന നടത്തുകയായിരുന്ന മറ്റൊരു വ്യാപാരിയുമായി യുവാക്കൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ അവിടെ മീൻ വാങ്ങാൻ എത്തിയ ജോയി ഇത് ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണം. ജോയി പൊതിയിലെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയോലപ്പറമ്പ് എസ്.എച്ച്.ഒ വിപിൻ ചന്ദ്രൻ , എസ്.ഐ മാരായ പി.എസ്. സുധീരൻ, ആർ.അജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.