p

കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം ശേഷിക്കെ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം എങ്ങുമെത്തിയില്ല. പദ്ധതി തുകയായ 7,746 കോടിയിൽ ചെലവഴിച്ചത് 2,416.48 കോടി മാത്രം. മൂന്ന് മാസം കൊണ്ട് ചെലവഴിക്കേണ്ടത് 5,330 കോടി. സംസ്ഥാന ശരാശരി 31.02 ശതമാനം. 20 ശതമാനമാണ് സ്‌പിൽ ഓവറായി അനുവദിക്കുക. ഈ നിലയിൽ മുന്നോട്ടു പോയാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വൻതുക നഷ്ടമാകും.

ഒരു ജില്ലയും 40 ശതമാനം തുക പോലും ചെലവഴിച്ചിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം പുതിയ പദ്ധതികൾക്കുള്ള അംഗീകാരം വൈകിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന വിഹിതവും വൈകി. ജൂലായിൽ കിട്ടേണ്ട പ്ളാൻ ഫണ്ടിന്റെ രണ്ടാം ഗഡു നൽകിയത് ഈ മാസം. മെയിന്റനൻസ് ഫണ്ട് നേരത്തെ അനുവദിച്ചിരുന്നെങ്കിലും ഫലവത്തായില്ല. ട്രഷറി നിയന്ത്രണം മൂലം, പൂർത്തിയാക്കിയ പദ്ധതികളുടെ ബില്ലുകൾ മാറാനും കഴിയുന്നില്ല. 15,430 ബില്ലുകളിലായി 434 കോടി രൂപ ട്രഷറിയിൽ കെട്ടിക്കിടക്കുന്നു. ബില്ലുകൾ മാറാത്തത് കരാറുകാരുടെ വിമുഖതയ്ക്കും കാരണമായി. 34.74 ശതമാനം തുക ചെലവഴിച്ച തൃശൂർ ജില്ലയാണ് മുന്നിൽ.

ജില്ല, ചെലവഴിച്ച തുക

തൃശൂർ: 34.74%

ആലപ്പുഴ: 34.44%

കാസർകോട്: 33.43%

മലപ്പുറം: 33.29%

കണ്ണൂർ: 32.81%

കൊല്ലം: 32.59%

പാലക്കാട്: 31.28%

തിരുവനന്തപുരം: 30.31%

 കോഴിക്കോട്: 29.87%

എറണാകുളം : 29.48%

കോട്ടയം: 29.39%

വയനാട്: 29.03%

പത്തനംതിട്ട: 27.99%

ഇടുക്കി: 23.07