
കോട്ടയം: പെരുന്നയിൽ ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ അസൗകര്യം മാനിച്ചാണ് മാറ്റമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി അനുസ്മരണപ്രഭാഷണം നടത്തും. എൻ.എസ്.എസ് പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷനാകും. ജി. സുകുമാരൻ നായർ സ്വാഗതവും, എൻ.എസ്.എസ് ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള നന്ദിയും പറയും. ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി മന്നം ജയന്തി വേദിയിലേയ്ക്ക് ക്ഷണിച്ചത് വലിയ ചർച്ചയായിരുന്നു.
എം.എൻ സ്മാരകം ഉദ്ഘാടനംഇന്ന്
തിരുവനന്തപുരം: നവീകരിച്ച എം. എൻ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പാർട്ടി പതാക ഉയർത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. എം.ടിയുടെ ദേഹവിയോഗത്തിന്റെ പശ്ചാത്തലത്തിൽ പൊതു ചടങ്ങുകൾ ഒഴിവാക്കി.
12 ശബരിമല സ്പെഷ്യൽ
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരില്ലാത്തതിനാൽ കേരളത്തിലേക്ക് ജനുവരിയിൽ നടത്താനിരുന്ന പന്ത്രണ്ട് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ജനുവരി 24,31 തീയതികളിൽ തെലങ്കാനയിലെ മൗല അലി സ്റ്റേഷനിൽ നിന്ന് കോട്ടയത്തേക്കും തിരികെ 25നും,ഫെബ്രുവരി 1നും മൗല അലി സ്റ്റേഷനിൽ നിന്ന് 25ന് കൊല്ലത്തേക്കും 27ന് തിരിച്ചും 26ന് ഹൈദരാബാദിലെ കച്ചേഗുഡയിൽ നിന്ന് കോട്ടയത്തേക്കും തിരികെ 27നും നരസപുരയിൽ നിന്ന് 27ന് കൊല്ലത്തേക്കും തിരികെ 29നും ഹൈദരാബാദിൽ നിന്ന് കോട്ടയത്തേക്ക് 28നും തിരികെ 29നുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ബംഗളൂരു - കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം:ക്രിസ്മസ് - ന്യു ഇയർ തിരക്ക് പരിഗണിച്ച് ഇന്ന് ബംഗളൂരു ബയ്യപ്പനഹള്ളിയിൽ നിന്ന് കെ.ആർ.പുരം,ബംഗാർപേട്ട്,പാലക്കാട്,കോട്ടയം വഴി കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. വൈകിട്ട് 3.50ന് പുറപ്പെടും. നാളെ രാവിലെ 10.05ന് കൊച്ചുവേളിയിലെത്തും. 28ന് ഉച്ചയ്ക്ക് 12.35നാണ് കൊച്ചുവേളിയിൽ നിന്നുള്ള മടക്ക സർവ്വീസ്. ട്രെയിൻ നമ്പർ. 06569/06570.
സീരിയൽ നടന്മാർക്കെതിരെ
ലൈംഗികാതിക്രമ കേസ്
കൊച്ചി: സീരിയൽ നടിയുടെ പരാതിയിൽ നടന്മാരായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ തൃക്കാക്കര പൊലീസ് ലൈംഗിക അതിക്രമത്തിന് കേസെടുത്തു. കൊച്ചിയിൽ ചിത്രീകരണം നടക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതി തൃക്കാക്കര സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.