
പാലാ : ''ഓ മേരെ ഷാഹെ ഹുബാ, ഓ മേരി ജനേ ജനാനാ... ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ഇതിഹാസമായ മുഹമ്മദ് റാഫിയുടെ ഈ ഗാനം '' 57 ആണ്ടുകൾക്ക് ശേഷം വീണ്ടും ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ അലയടിക്കും. അന്ന് പാട്ടുപാടി റാഫിയെ കൈയിലെടുത്ത പൊടിമീശക്കാരൻ കാഞ്ഞിരപ്പള്ളി മഠത്തിൽ വീട്ടിൽ എം.എ. നസ്‌റുദ്ദീനാണ് ഗായകൻ. അന്ന് റാഫി സമ്മാനിച്ച വെള്ളി മോതിരം ഇന്നും നസ്‌റുദ്ദീൻ പൊന്നുപോലെ സൂക്ഷിക്കുകയാണ്. ഒപ്പം റാഫി കെട്ടിപ്പിടിച്ച് പറഞ്ഞ 'വളരെ നന്നായി, തീർച്ചയായും ഇനിയും പാട്ട് പഠിക്കണം''എന്ന ആ വാക്കുകൾ കാതുകളിൽ ഇന്നും മുഴങ്ങുന്നു.
1967 ജനുവരി 19 നായിരുന്നു ഈ അവിസ്മരണീയ മുഹൂർത്തം. പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നു നസ്‌റുദ്ദീൻ. കോളേജിൽ പത്ത് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മുഹമ്മദ് റാഫി എത്തിയത്. കോളേജിലെ മ്യൂസിക് ക്ലബിൽ അംഗമായിരുന്ന നസ്‌റുദ്ദീൻ സ്റ്റേജിലും പിന്നണിയിലുമെല്ലാം റാഫിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഇതിനിടയിലാണ് സ്റ്റേജിന് പിന്നിൽ വച്ച് ലൗ ഇൻ ടോക്കിയോ എന്ന സിനിമയിലെ പാട്ട് ഒന്ന് പാടിക്കോട്ടെയെന്ന് ചോദിച്ചത്. തോളിൽ തട്ടി അനുമതി നൽകിയ റാഫി നസ്‌റുദ്ദീന്റെ ഗാനമാധുരിയിൽ ലയിച്ചിരുന്നു.
കോളേജിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന ആഗോള പൂർവവിദ്യാർത്ഥി മഹാസംഗമത്തിലാണ് ഈ അവിസ്മരണീയ മുഹൂർത്തം ഒർത്തെടുത്ത് നസ്‌റുദ്ദീൻ വീണ്ടും പാടുന്നത്.
സന്ധ്യാരാഗം പരിപാടിയിൽ സജീവം
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ അംഗങ്ങളുടെ കൂട്ടായ്മയായ സന്ധ്യാരാഗം പരിപാടിയിൽ എല്ലാമാസവും രണ്ടും നാലും ഞായറാഴ്ചകളിൽ എല്ലാവർക്കുമൊപ്പം നസ്‌റുദ്ദീനും പാടും. വൃദ്ധസദനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ കൂട്ടായ്മ സൗജന്യമായി ഗാനമേള നടത്താറുണ്ട്. ഭാര്യ: റഷീദ വെള്ളാതോട്ടം, ഈരാറ്റുപേട്ട .മക്കൾ: സജാസ് മുഹമ്മദ് (എറണാകുളം), ഐഷാബി (ചെന്നൈ), സൈനാബി (ദുബായ്).