കോട്ടയം : ആലപ്പുഴയിൽ വൃദ്ധയെ തെരുവുനായ കടിച്ചുകൊന്ന വാർത്ത ജില്ലയിലും ആശങ്കയുളവാക്കുന്നു. വന്ധ്യംകരണം അടക്കം നടത്തിയിട്ടും നഗര ഗ്രാമ വ്യത്യാസമില്ലാതെ നായശല്യം രൂക്ഷമാണ്. കൂട്ടത്തോടെ കുരച്ച് ചാടി വരുന്ന നായ്ക്കളിൽ നിന്ന് വിദ്യാർത്ഥികളടക്കം ഓടി രക്ഷപ്പെടുകയാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കും. വന്ധ്യം കരണത്തിന് ഒരു സെന്ററിൽ മാത്രം ഇതുവരെ 15 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ജില്ലയിൽ ഒരു മാസം ശരാശരി 300 പേർക്ക് തെരുവുനായയുടെ കടിയേൽക്കുന്നുണ്ട്. അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. ഒരു വർഷം മുമ്പ് വ്യാപകമായി പേപ്പട്ടി ആക്രമണങ്ങളുണ്ടായപ്പോൾ ഉണർന്ന തദ്ദേശസ്ഥാപനങ്ങളെല്ലാം വീണ്ടും ഉറക്കത്തിലായി.

 ഏൽക്കാതെ വന്ധ്യംകരണം

കോടിമതയിൽ ആരംഭിച്ച എ.ബി.സി സെന്ററിൽ ഇതുവരെ ആയിരത്തോളം നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. അതിന്റെ അഞ്ചിരട്ടി നായ്ക്കൾ തെരുവ് കീഴടക്കുന്നു. ഒരു നായയെ വന്ധ്യംകരിക്കാൻ 1500 രൂപയാണ് ചെലവ്. ഒരു ദിവസം 10 നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സംവിധാനം കോടിമതയിലുണ്ട്. നായ്ക്കളെ പിടികൂടുന്നതടക്കമുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. നായ ഒന്നിന് 500 രൂപ വീതമാണ് നൽകുന്നത്. വന്ധ്യംകരിച്ച ശേഷം ആൺ നായയെ നാലു ദിവസവും പെൺനായ്കളെ അഞ്ചു ദിവസവും സെന്ററിൽ പാർപ്പിക്കും. പിന്നീട് പിടികൂടിയ സ്ഥലത്തു തിരിച്ചുവിടും. പക്ഷേ, ഒന്നും കാര്യക്ഷമല്ല.

ഭീതിയോടെ ബൈക്ക് യാത്രക്കാർ

റോഡരികിൽ തങ്ങുന്ന നായ്ക്കൾ രാത്രികാലങ്ങളിൽ ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. പിന്നാലെ കുരച്ചെത്തുമ്പോൾ ബൈക്കിന് സ്പീഡ് കൂട്ടുന്നത് അപകടങ്ങൾക്കും ഇടയാക്കും. നായ്ക്കളുടെ ശല്യം മൂലം മാർക്കറ്ര് റോഡിലൂടെ പകൽസമയങ്ങളിൽ പോലും കാൽനടയാത്ര അസാദ്ധ്യമാണ്.

'' അക്രമകാരികളായ തെരുവുനായകളെ കൊല്ലുക മാത്രമാണ് പരിഹാരം. അതിനുള്ള നിയമ ഭേദഗതിയാണ് വേണ്ടത്'' ഗോപകുമാർ കെ.കെ., പൊതുപ്രവർത്തകൻ